തൃശൂർ: രാത്രിയിൽ തൃശൂർ ഫയർ സ്റ്റേഷനിലേക്ക് വന്ന ഫോണ്‍ കോൾ ആശങ്കയോടെയാണ് അഗ്നിശമനസേനാംഗങ്ങൾ എടുത്തത്. എവിടെയോ എന്തോ അത്യാഹിതം സംഭവിച്ചിരിക്കാമെന്ന ധാരണയിൽ ഫോണെടുത്തപ്പോൾ മറുതലയ്ക്കൽ നിന്ന് കേട്ടത് ഒരു കിളിമൊഴി. പ്രണയം വഴിഞ്ഞൊഴുകുന്ന ഡയലോഗുകളാണ് പിന്നെ മറുതലയ്ക്കൽ നിന്ന് പ്രവഹിച്ചത്.
കോൾ തെറ്റി വന്നതാണെന്നാണ് അഗ്നിശമനസേനാംഗങ്ങൾ കരുതിയത്. അവർ കോൾ കട്ടു ചെയ്തു. പിറ്റേന്നും അതിനടുത്ത ദിവസവും പിന്നെ കുറേ ദിവസങ്ങളായും ഈ കോൾ തൃശൂർ ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷനിലേക്ക് വന്നുകൊണ്ടേയിരിക്കുന്നു. കൊടുങ്ങല്ലൂരിൽ നിന്നാണ് വിൽവരുന്നതെന്ന്മനസിലാക്കിയ അഗ്നിശമന സേനാംഗങ്ങൾ പെണ്‍കുട്ടിയുടെ വീട്ടിൽ വിളിച്ച് താക്കീത് നൽകി.
അതോടെ പെണ്‍കുട്ടി നന്പർ മാറ്റി. പുതിയൊരു നന്പറിൽ നിന്ന് വിളി ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു. ശരിക്കുപറഞ്ഞാൽ അഞ്ചാറുമാസമായി ഈ വിളി കാരണം പൊറുതി മുട്ടിയിരിക്കുകയാണ് തൃശൂർ ഫയർ സ്റ്റേഷനിലുള്ളവർ. രാവിലെ എട്ടുമുതൽ വിളി തുടങ്ങുമെന്നും രാത്രിയിലും പാതിരാത്രിയിലും വരെ വിളിവരാറുണ്ടെന്നും സേനാംഗങ്ങൾ പറയുന്നു.
ഫോണ്‍ വെക്ക് മോളെ മറ്റു പലരും വിളിക്കും എന്ന് സേനാംഗങ്ങൾ പറയുന്പോൾ എന്റെ കാര്യം കഴിഞ്ഞിട്ടു മതി മറ്റു കോളുകൾ എന്നാണത്രെ പെണ്‍കുട്ടിയുടെ പ്രണയാർദ്രമായ മറുപടി. അടിയന്തിരമായി ഫയർ സ്റ്റേഷനിലേക്ക് വിളിക്കുന്ന പലർക്കും ഈ പെണ്‍കുട്ടിയുടെ തുടർച്ചയായ വിളി കാരണം കോൾ കിട്ടുന്നില്ലെന്നും എൻഗേജ്ഡ് ടോണാണ് കിട്ടുന്നതെന്നും പരാതിയുണ്ട്.
പെണ്‍കുട്ടിയുടെ വീട്ടുകാരോട് പരാതിപ്പെട്ടിട്ടും ഗുണമുണ്ടായില്ലെന്നാണ് തൃശൂർ ഫയർ സ്റ്റേഷനിലുള്ളവർ പറയുന്നത്. ഗതികെട്ട് ഫയർ ഫോഴ്സുകാർ തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ ഈ വിളി സംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഒടുവിൽ ജില്ല കളക്ടറെ കണ്ട് ഈ വിളിക്കൊരു പരിഹാരം ഉണ്ടാക്കിത്തരണമെന്ന് അപേക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് തൃശൂർ ഫയർ സ്റ്റേഷൻ ഓഫീസർ ലാസർ പറഞ്ഞു.