കുളത്തൂപ്പുഴ: കിഴക്കന്‍ മലയോര മേഖല കേന്ദ്രീകരിച്ച് ഫയര്സ്റ്റേഷന് ആരംഭിക്കുന്നതിനായി വകുപ്പു തലത്തില്‍ ചര്‍ച്ചകള്‍ പലതും നടക്കുകയും സ്ഥലം കണ്ടെത്തി നല്‍കുന്നതിനായി ഉദ്യോഗസ്ഥ സംഘം കുളത്തൂപ്പുഴയില്‍ സന്ദര്‍ശനം നടത്തി പോയിട്ട് മാസങ്ങള്‍ പലതു കഴിഞ്ഞിട്ടും തുടര്‍ പ്രവര്‍ത്തനങ്ങള്‍ കടലാസിലൊതുങ്ങുന്നു.
കുളത്തൂപ്പുഴ നെടുവന്നൂര്ക്കടവിലായുള്ള റവന്യൂ ഭൂമി വിട്ടു നല്‍കുന്നതിനായി റവന്യൂ വകുപ്പിന്റെയും ഫയര്‍ഫോഴ്സിന്റെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തുകയും ഭൂമി കൈമാറ്റത്തിനായുള്ള നടപടി ക്രമങ്ങളിലേക്ക് എത്തുകയും ചെയ്തു.
എന്നാല്‍ നടപടികള്‍ക്ക് വേണ്ടത്ര വേഗത ഇല്ലെന്നതാണ് വസ്തുത. ഇതിനിടെ പുതിയ ഫയര്‍ സ്റ്റേഷന് സംവിധാനം അനുവദിച്ച് പ്രാവര്‍ത്തികമായി വരുന്നതിനു മുമ്പായി അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് താല്കാലിക സംവിധാനമെന്ന നിലയില്‍ കുളത്തൂപ്പുഴയില്‍ ഫയര്‍ എഞ്ചിനുകള്‍ ഇടുന്നതിനും ജീവനക്കാര്‍ക്ക് താമസ സൌകര്യവും ഗ്രാമപഞ്ചായത്ത് ഒരുക്കി നല്കിയാല് രണ്ടു ഫയര്‍ എഞ്ചിനും അതിനാവശ്യമായ ജീവനക്കാരെയും എത്തിക്കുമെന്നും ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരും നേതാക്കളും പറഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഫയര്‍എഞ്ചിനുകള്‍ നിര്‍ത്തിയിടുന്നതിനും തൊട്ടടുത്തായി ജീവനക്കാര്‍ക്ക് താമസ സൗകര്യവും ഒരുക്കാമെന്ന് ചര്‍ച്ചകളില്‍ നിര്‍ദേശമുയര്‍ന്നുവെങ്കിലും ഇനിയും സാധ്യമായിട്ടില്ല.
വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിനു പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സൗകര്യമുണ്ടെങ്കിലും ഏഴോളം വരുന്ന ജീവനക്കാര്‍ക്ക് സ്ഥിര താമസത്തിനു തൊട്ടടുത്തായി സൗകര്യമൊരുക്കുന്നതിനാവശ്യമായ കെട്ടിടങ്ങള്‍ നിലവിലില്ല.
അതിനാല്‍ തന്നെ ഫയര്‍ സ്റ്റേഷന്റെ പേരില്‍ പുതിയ നിര്‍മ്മാണവും സാധ്യമല്ലാത്തതിനാലാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ താല്കാലിക സംവിധാനത്തില്‍ നിന്നും പിന്നോക്കം പോയതെന്നാണ് കരുതുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റം സാധ്യമായി വന്നെങ്കില്‍ മാത്രമേ ഫയര്സ്റ്റേഷന് പ്രാവര്ത്തികമാവുകയുള്ളൂവെന്നതാണ് വസ്തുത.