വൈക്കം: വൈക്കത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജലാശയങ്ങളിൽ മുങ്ങിമരണം പതിവായിട്ടും ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയാതെ ഫയർഫോഴ്സ് കുഴയുന്നു. വൈക്കത്തെ അഗ്നിശമന സേനയ്ക്ക് രണ്ടുമാസം മുന്പ് സ്കൂബ ഉപകരണം ലഭ്യമാക്കിയെങ്കിലും സ്കൂബ സെറ്റ് ഉപയോഗിക്കുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച ജീവനക്കാരുടെ അഭാവവും ഇതിനാവശ്യമായ റബർ ഡിങ്കി ഇല്ലാത്തതുമാണ് രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാക്കുന്നത്.
വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന സേന രക്ഷാപ്രവർത്തനത്തിന് പാഞ്ഞെത്തുന്നുണ്ടെങ്കിലും വെള്ളത്തിൽ മുങ്ങിയുള്ള രക്ഷാപ്രവർത്തനം വേഗത്തിൽ നടത്താൻ താമസം നേരിടുന്നതാണ് പലപ്പോഴും ജീവൻ നഷ്ടമാകാൻ കാരണമാകുന്നത്. കഴിഞ്ഞ ദിവസം രാവിലെ മൂവാറ്റുപുഴ ആറിന്റെ തൈക്കാവ് കടവിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച ഇടുക്കി സേനാപതി സ്വദേശി അനന്ദു(19)വിന്റെ മൃതദേഹം മണിക്കൂറുകളുടെ കാത്തിരിപ്പിനുശേഷം കോട്ടയത്തുനിന്ന് എത്തിയ സ്കൂബ ടീമാണ് കണ്ടെടുത്തത്.
ഈ കടവിൽ തന്നെ കഴിഞ്ഞ മാർച്ച് 28ന് കുളിക്കാനിറങ്ങിയ ഇരട്ട സഹോദരങ്ങളായ വെട്ടിക്കാട്ട് മുക്ക് ഗുരുമന്ദിരത്തിന് സമീപം നന്ദനത്തിൽ സൗരവ് ( 16), സന്ദീപ് ( 16) എന്നിവർ മുങ്ങി മരിച്ചിരുന്നു. ഒപ്പം ഉണ്ടായിരുന്ന സമീപവാസിയായ അൽഅമീൻ, അമീന്റെ മാതൃസഹോദരി പുത്രൻ ഷൈജു എന്നിവരെ ഓടിയെത്തിയ സമീപവാസികളാണ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ വൈക്കം താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലായി 20ഓളം പേരാണ് ജലാശയങ്ങളിൽ മുങ്ങി മരിച്ചത്.
ആഴവും അടിയൊഴുക്കും കൂടുതലുള്ളതും അപകട സാധ്യത ഉള്ളതുമായ കുളിക്കടവുകളിൽ അപകട സൂചനാ ബോർഡുകളും ഇന്നലെ ഫയർഫോഴ്സ് സ്ഥാപിച്ചു. അതേ സമയം സ്കൂബ സെറ്റ് ലഭിച്ചെങ്കിലും ഫയർഫോഴ്സിനു പ്രാഥമിക പരിശീലനം മാത്രമാണ് ലഭിച്ചതെന്നും റബർ ഡിങ്കി ലഭിക്കാത്തതിനാൽ സ്കൂബാ സെറ്റുമായി വള്ളത്തിൽ പോയുള്ള തിരച്ചിൽ അസാധ്യമാണെന്നും വൈക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം.പി സജീവ് പറഞ്ഞു. ഈ മാസം ഫോർട്ട് കൊച്ചിയിൽ നടക്കുന്ന പരിശീലനത്തിന് അംഗങ്ങളെ അയക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.