കോട്ടയം: കുടുംബ വഴക്കിനെ തുടർന്ന് പിണങ്ങിക്കഴിയുകയായിരുന്ന ഭർത്താവ് ഭാര്യയും കുട്ടികളും വാടകയ്ക്ക് താമസിക്കുന്ന വിട്ടിലെത്തി തീ കൊളുത്തി മരിച്ചു. വീടിന്റെ കതക് തകർത്ത് അകത്തു കടന്ന് പെട്രോൾ ശരീരത്തിലൊഴിച്ച് തീ കൊളുത്തുകയായിരുന്നു. മണർകാട് കുറ്റിയക്കുന്നിൽ ഇന്നു പുലർച്ചെ മൂന്നരയോടെയാണ് സംഭവം.
വാകത്താനം കോട്ടപ്പുറം വീട്ടിൽ മാത്യു (48)വാണ് മരിച്ചത്. ഭാര്യ മിനി വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് എത്തുന്പോൾ വീടിന്റെ ഹാളിൽ മാത്യു കത്തിക്കരിഞ്ഞ് കരിക്കട്ടയായി കിടപ്പുണ്ടായിരുന്നു. ഇയാളുടെ ഫോണ് സമീപത്തു കിടപ്പുണ്ടായിരുന്നു. ഭർത്താവിന്റെ നന്പരിലേക്ക് പോലീസ് ഫോണ് ചെയ്താണ് ആളെ തിരിച്ചറിഞ്ഞത്.
മരിച്ച മാത്യു ബിവറേജസ് കോർപറേഷന്റെ എസ്എച്ച് മൗണ്ടിലുള്ള ഗോഡൗണിലെ ഡ്രൈവറാണ്. മാത്യുവും ഭാര്യ പാറന്പുഴ സ്വദേശി മിനിയും രണ്ടു വർഷമായി പിണങ്ങിക്കഴിയുകയാണ്. കോടതിയിൽ കേസും നിലവിലുണ്ട്. രണ്ടു പെണ്കുട്ടികളാണ് ഇവർക്കുള്ളത്. മൂത്ത കുട്ടി പത്താം ക്ലാസിൽ പരീക്ഷ എഴുതി നിൽക്കുന്നു. ഇളയ കുട്ടിക്ക് അഞ്ചു വയസുണ്ട്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
ഇന്നലെ ഇവരുടെ കേസിന്റെ അവധിയായിരുന്നു. കോടതിയിൽ നിന്ന് പുറത്തിറങ്ങിയ മാത്യു ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മുൻപും പല തവണ ഇത്തരം ഭീഷണിയുണ്ടായിരുന്നു. ഇന്നു പുലർച്ചെ മൂന്നരയോടെ മാത്യു മിനി താമസിക്കുന്ന കുറ്റിയക്കുന്നിലെ വാടക വീട്ടിൽ എത്തി. ബൈക്ക് പുറത്തു വച്ചശേഷം വീടിന്റെ ടെറസിൽ കയറി തടി കഷണം കൈക്കലാക്കി വീടിന്റെ മുൻവാതിൽ തല്ലിത്തകർക്ക് അകത്തുകയറി.
ശബ്ദം കേട്ട് മിനിയും കുട്ടികളും മുറിക്കുള്ളിൽ കയറി കതകടച്ചു. മിനിയും കുട്ടികളും ചേർന്ന് കതകിൽ തള്ളിപ്പിടിച്ചുകൊണ്ട് പോലീസ് സ്റ്റേഷനിലേക്കും കണ്ട്രോൾ റൂമിലേക്കും വിളിച്ചു. പോലീസിനെ വിളിക്കുന്ന ശബ്ദം കേട്ട് ഇയാൾ കൈയ്യിൽ കരുതിയിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പോലീസ് പെട്ടെന്നു തന്നെ സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും മാത്യു കത്തിക്കരിഞ്ഞു തീർന്നിരുന്നു.
ഹാളിൽ നിന്ന് പെട്രോൾ ഒഴുകി മിനിയും കുട്ടികളും ഇരുന്ന മുറിയിലേക്ക് പടർന്ന് ഇവരുടെ കാലിലുംമറ്റും ചെറിയ പൊള്ളലേറ്റിട്ടുണ്ട്. പോലീസ് എത്തിയാണ് മിനിയെയും കുട്ടികളെയും പുറത്തിറക്കിയത്. മുറിയിലേക്ക് പുകയും മറ്റും പടർന്ന് ഇവർക്ക് ശ്വാസ തടസമുണ്ടായിരുന്നതിനാൽ പോലീസ് എത്തി ആദ്യം ജനൽ പൊട്ടിച്ച് വായു കടത്തിയിരുന്നു. സയന്റിഫിക്, ഫോറൻസിക് വിദഗ്ധരും മറ്റും സ്ഥലത്തെത്തി മൃതദേഹം പരിശോധനക്കു വിധേയമാക്കിയ ശേഷമാണ് പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പാന്പാടി സിഐ സാജു വർഗീസ്, മണർകാട് എസ് അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണ ആരംഭിച്ചു.