പശ്ചിമ ബംഗാളിലെ ബങ്കൂര ജില്ലയില്‍ നിന്നും ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ കുട്ടിയാനയുടെ ചിത്രം ആരെയും വേദനിപ്പിക്കുന്നതായിരുന്നു. വാലിന്റെ അറ്റത്ത് തീയുമായി ഓടുന്ന അമ്മയ്ക്ക് പുറമെ ശരീരത്തിന്റെ പിന്‍ഭാഗമാകെ ആളിപ്പടരുന്ന തീയുമായി കരഞ്ഞു കൊണ്ടോടുകയാണ് ഈ കുട്ടിയാന. ഇരുവരും റോഡിനു കുറുകെ ഓടുന്ന ചിത്രത്തില്‍ തീ കൊളുത്തിയ ശേഷം ഓടുന്ന ആള്‍ക്കൂട്ടത്തെയും കാണാം. സാങ്ച്വറി വന്യജീവി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണു വേദനയോടെ പങ്കുവച്ചിരിക്കുന്നത്.
അമച്വര്‍ വന്യജീവി ഫൊട്ടോഗ്രഫറായ ബിപ്ലബ് ഹസ്‌റയാണ് ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയത്. നരകം ഇവിടെയാണ് എന്നാണ് ഈ ചിത്രത്തിനു ബിപ്ലബ് നല്‍കിയ തലക്കെട്ട്. ചിത്രം കാണുന്നവര്‍ക്കു മനസില്‍ തോന്നുന്ന കാര്യം തന്നെയാണ് ബിപ്ലബ് തലക്കെട്ടാക്കിയതെന്നു തീര്‍ച്ച. പശ്ചിമബംഗാള്‍, അസം, ബിഹാര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ഇപ്പോഴും വന്യജീവികള്‍ക്കെതിരേ കൊടും ക്രൂരത അരങ്ങേറുന്നുവെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്ന് ബിപ്‌ലബ് ഹസ്‌റ വ്യക്തമാക്കുന്നു.
കാടിറങ്ങുന്ന ആനകളുടെ നേരെ പ്ലാസ്റ്റിക് കൂടിനുള്ളില്‍ പെട്രോള്‍ നിറച്ചെറിഞ്ഞ ശേഷം തീ കൊളുത്തി എറിയുകയാണ് ചെയ്യുക. ആനകള്‍ നാട്ടിലിറങ്ങുന്നതു തടയാനെന്ന പേരിലാണ് ഈ കൊടും ക്രൂരത അരങ്ങേറുന്നത്. വന്യജീവി വകുപ്പിന് ഇതുതടയാനും ഇതിനെതിരെ കാര്യമായ നടപടിയെടുക്കാനും ഇതുവരെ സാധിച്ചിട്ടില്ലെന്നും ബിപ്ലബ് കുറ്റപ്പെടുത്തുന്നു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ ഞെട്ടലോടെയാണ് ആനക്കുട്ടിയുടേയും അമ്മയുടേയും ഈ ദയനീയാവസ്ഥ കണ്ടു ചിത്രം പങ്കുവച്ചത്. ഈ ക്രൂരതയ്‌ക്കെതിരെ കടുത്ത നിലപാടെടുക്കാനാണ് ഇവരുടെ തീരുമാനം. എന്തായാലും ചിത്രം ലോകമാധ്യമങ്ങളുടെ വരെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.