തളിപ്പറമ്പ്: തളിപ്പറമ്പ് ഷാലിമാര്‍ ടെക്സ്റ്റൈല്‍സിലെ ഗോഡൗണിൽ ദുരൂഹ സാഹചര്യത്തില്‍ തീപിടിത്തം, പകല്‍ സമയത്തായതിനാല്‍ നഗരം വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് കോര്‍ട്ട് റോഡിലെ ബിഫാ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഷാലിമാര്‍ ടെക്സ്റ്റൈല്‍സിന്റെ രണ്ടാം നിലയിലെ ഗോഡൗണിന് പുറത്ത് തീപിടിച്ചത്.
തിരുവോണമായതിനാല്‍ കട അവധിയായിരുന്നു. പുക ഉയരുന്നതുകണ്ട് നാട്ടുകാര്‍ അഗ്നിശമനസേനയേയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു. തളിപ്പറമ്പ് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ കെ.പി.ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കുതിച്ചെത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്.
ഗോഡൗണിന് പുറത്ത് വെച്ച തുണിസഞ്ചികളും മറ്റുമാണ് തീപിടിത്തത്തില്‍ നശിച്ചത്. രാത്രിയിലോ മറ്റോ ആയിരുന്നുവെങ്കില്‍ വന്‍ ദുരന്തം തന്നെ സംഭവിച്ചേനെ. ആരെങ്കിലും തീവെച്ചിരിക്കാനുള്ള സാധ്യത ഏറെയാണെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അഗ്നിശമനസേനയും പോലീസും പറയുന്നു.
ഇവിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിക്കാനുള്ള യാതൊരു സാധ്യതയുമില്ലെന്നും ഇവര്‍ പറയുന്നു. ചപ്പാരപ്പടവ് സ്വദേശി നിസാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഷാലിമാര്‍ ടെക്സ്റ്റൈല്‍സ്. വിവരമമറിഞ്ഞ് തളിപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി ജന.സെക്രട്ടറി വി.താജുദ്ദീന് ഉള്‍പ്പെടെ നിരവധി പേര് സ്ഥലത്തെത്തിയിരുന്നു. തളിപ്പറമ്പ് എസ് ഐ കെ.പി.ഷൈന്‍ ഉള്‍പ്പെടെ പോലീസുദ്യോഗസ്ഥരും എത്തിയിരുന്നു.