എം.വി. വസന്ത്
പാലക്കാട്: തൊഴിലുറപ്പുകാരുടെ തീക്കളിക്കെതിരേ പരിസ്ഥിതിവാദികളുടെ രോഷം പുകയുന്നു. പ്രളയാനന്തര നവകേരള പുനർനിർമിതിക്കായി ജനത ഒറ്റക്കെട്ടായി നീങ്ങുന്പോഴാണ് തൊഴിലുറപ്പുകാരുടെ ഈ തീക്കളി. നാട്ടിൻപുറങ്ങളിലെ കാടും പടലവും വെട്ടിത്തെളിച്ചു തീയിടുന്നതാണ് പ്രതിഷേധത്തിനു കാരണമാകുന്നത്. വെട്ടിത്തെളിക്കുന്നതിനെ ആരും എതിർക്കുന്നില്ല. പിന്നീടെല്ലാം തീയിട്ടു നശിപ്പിക്കുന്നതിനെയാണ് പരിസ്ഥിതിവാദികൾ എതിർക്കുന്നത്.
പ്രളയം കേരളത്തിനുണ്ടാക്കിയ നാശനഷ്ടം 41,000 കോടിയെന്നാണ് സർക്കാരിന്റെ കണക്ക്. എന്നാൽ ഈ കണക്കുകളിൽ ഉൾപ്പെടാത്തതാണ് നമ്മുടെ നാടിന്റെ ജൈവ വൈവിധ്യ സന്പത്ത്. നവകേരള പുനർനിർമിതിയിൽ ജൈവ സന്പത്തിനെ തിരിച്ചുപിടിക്കാൻ കടുത്ത ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം തുരങ്കം വയ്ക്കുകയാണ് തൊഴിലുറപ്പുകാരുടെ തീക്കളി.
സൂക്ഷ്മാണുക്കൾ മുതൽ പാന്പും മറ്റു ജീവജാലങ്ങളും എല്ലാം ഈ തീക്കളിയിൽ ഇല്ലാതാകുന്നു. കുറുക്കന്മാരുടെയും മറ്റു ജീവികളുടെയും ജീവസ്ഥലം ഇല്ലാതാകുന്നു. തുന്പിയും ചിത്രശലഭവും അടക്കമുള്ളവ നശിപ്പിക്കപ്പെടുന്നു. ഇവയുടെ ആവാസവ്യവസ്ഥ തന്നെ ഇല്ലാതാക്കുകയാണ് തൊഴിലുറപ്പുകാർ.
ഇതിനു പുറമെയാണ് മണ്ണിന്റെ ഉറപ്പും ഫലഭൂയിഷ്ഠതയും നഷ്ടപ്പെടുന്ന കാര്യങ്ങൾ. കാട്ടുതീയിൽ കാട്ടിലെ ജീവജാലങ്ങൾ നശിക്കും എന്നതുപോലെ നാട്ടിൻപുറങ്ങളിലെ ഈ തീക്കളി ജീവജാലങ്ങൾക്കു വിനയായി മാറിക്കഴിഞ്ഞു.പൊതുജന സഞ്ചാരത്തിനു ദോഷകരമായ ചെടിതൂപ്പുകൾ വെട്ടിനീക്കുന്ന പ്രവൃത്തികളാണ് മുഖ്യമായും തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾ ചെയ്തുവരുന്നത്.
ഇത് അവിടെത്തന്നെ നിക്ഷേപിച്ചാൽ മണ്ണിനു യാതൊരു മാറ്റവുമുണ്ടാക്കില്ല. ജൈവ വൈവിധ്യത്തിന് ഒരു പരിധിവരെ മാറ്റമുണ്ടാകില്ല. എന്നാൽ തീവയ്ക്കുന്നതോടെ ഇതെല്ലാം തകിടം മറിയുമെന്നാണ് പരിസ്ഥിതിസ്നേഹികളുടെ വാദം. പ്രളയമുണ്ടായ ഇടങ്ങളിൽ മാത്രമല്ല മറ്റിടങ്ങളിലും ജൈവവൈവിധ്യ പുനർനിർമാണം അനിവാര്യതയാണ്.
അതിന്റെ ഭാഗമെന്നോണമാണ് സ്കൂളുകളിൽ ആരംഭിച്ചിരിക്കുന്ന പച്ചക്കറികൃഷിയും ചിത്രശലഭ പാർക്കുകളും പൂന്തോട്ട നിർമാണവുമെല്ലാം. ഒരു തീപ്പെട്ടിക്കൊള്ളി ഉരച്ച് തൊഴിലുറപ്പു പദ്ധതിയുടെ കണക്കുപുസ്തകത്തിൽ പൂർത്തിയാക്കിയ തൊഴിലിന് അടിവരയിടുന്പോൾ ഇല്ലാതാകുന്നതെന്തെന്ന് അധികൃതരടക്കം എല്ലാവരും അറിഞ്ഞിരിക്കണമെന്നും പ്രകൃതിസ്നേഹികൾ പറയുന്നു.