സ്വന്തം ലേഖകൻ
അയ്യന്തോൾ: ജില്ലയിലെ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പല രേഖകളും ഇന്നു പുലർച്ചെ കളക്ടറേറ്റിലെ ഇലക്ഷൻ വിഭാഗത്തിലുണ്ടായ അഗ്നിബാധയിൽ കത്തിനശിച്ചു. ഡിജിറ്റലൈസ് ചെയ്ത രേഖകളും വിവരങ്ങളും കംപ്യൂട്ടറുകളിൽ നിന്ന് വീണ്ടെടുക്കാനാകുമോ എന്ന പരിശോധന നടത്തും.ഇലക്ഷൻ സെല്ലിലെ അഗ്നിബാധ സംബന്ധിച്ച് ഇലക്ഷൻ കമ്മീഷന് വിശദമായ റിപ്പോർട്ട് നൽകും.
അഗ്നിബാധയെ തുടർന്ന് കളക്ടറേറ്റിലെ വൈദ്യുതി ബന്ധം മുഴുവൻ വിച്ഛേദിച്ചിരിക്കുകയാണ്. ജില്ല കളക്ടർ എസ്.ഷാനവാസ്, റൂറൽ എസ്പി വിജയകുമാരൻ, എസിപിമാരായ വി.കെ.രാജു, എം.കെ.ഗോപാലകൃഷ്ണൻ, വെസ്റ്റ് സിഐ സലീഷ് ശങ്കരൻ എന്നിവർ സ്ഥലത്തെത്തിപരിശോധന നടത്തി.ഫോറൻസക് വിഭാഗവും വൈദ്യുതിവകുപ്പും ഫിംഗർ പ്രിന്റ് വിഭാഗവും പരിശോധന നടത്തി കൂടുതൽ തെളിവുകൾ ശേഖരിക്കും.
ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. സാന്പത്തിക നഷ്ടത്തിലുപരി പ്രധാനപ്പെട്ട വിവരശേഖരണങ്ങൾ നഷ്ടപ്പെട്ടത് കനത്ത നഷ്ടമാണ്. ഇവ വീണ്ടെടുക്കുന്നതു സംബന്ധിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. കളക്ടറേറ്റിലെ സ്റ്റാന്പ് വിഭാഗത്തിൽ ഡ്യൂട്ടിയുള്ള വിഷ്ണു എന്ന പോലീസുകാരൻ ഇന്നുപുലർച്ചെ സ്വദേശമായ കൊല്ലത്തു നിന്നും തൃശൂരിൽ ട്രെയിനിറങ്ങി കളക്ടറേറ്റിലെത്തിയപ്പോഴാണ് തീപിടിത്തം കണ്ടത്.
ഉടൻ ഇവിടെയുണ്ടായിരുന്ന പോലീസുകാരേയും ഹോംഗാർഡുമാരേയും വിളിച്ചുണർത്തി വിവരമറിയിക്കുകയായിരുന്നു. വിഷ്ണുവിന്റെ സമയോചിതമായ ഇടപെടലാണ് ദുരന്തത്തിന്റെ തീവ്രത കുറച്ചത്. തൃശൂർ ഫയർ സ്റ്റേഷൻ ഓഫീസർ വൈശാഖൻ, ലീഡിംഗ് ഫയർമാൻ ഹരികുമാർ, വിഷ്ണു എന്നിവരാണ് ഏറെ പാടു പെട്ട് തീയണച്ചത്.
അഗ്നിബാധയിൽ ഏതെങ്കിലും തരത്തിലുള്ള ദുരൂഹതകളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഇലക്ഷൻ സെല്ലിലെ ഏതെങ്കിലും കംപ്യൂട്ടർ ഓഫാക്കാതെ വെച്ചതിൽ നിന്നാകാം ഷോർട്ട് സർക്യൂട്ടെന്നും സംശയിക്കുന്നു. എസി ഓഫായിരുന്നുവെന്നാണ് പറയുന്നത്.
കളക്ടറേറ്റിലെ വൈദ്യുതികണക്ഷനുകളെല്ലാം കാലപ്പഴക്കം മൂലം അപകടാവസ്ഥയിലാണെന്നും ഇവ മാറ്റി പുതിയ വയറിംഗും മറ്റും നടത്തണമെന്നും കെ.എസ്.ഇ.ബി അധികൃതർ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇതിന് ആരും തയ്യാറായിട്ടില്ലെന്നും അതിന്റെ ഫലമാണ് ഇപ്പോഴത്തെ തീപിടിത്തമെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. ഒരു ചെറിയ സ്പാർക്ക് ഉണ്ടായാൽ പോലും പൊടുന്നനെ വലിയ അഗ്നിബാധയിലേക്ക് എത്തുന്ന അവസ്ഥയാണുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തീ കെടുത്താനുള്ള സംവിധാനങ്ങളുടെ കുറവും കളക്ടറേറ്റിലുണ്ട്.