വടക്കഞ്ചേരി: കെട്ടിടനിർമാണ ചടങ്ങളും സുരക്ഷാസംവിധാനങ്ങളും പൂർണമായും ലംഘിച്ചുള്ള കെട്ടിടനിർമാണമാണ് ഇന്നലെ തീപിടിത്തമുണ്ടായ കനിഹ തുണിക്കട പ്രവർത്തിക്കുന്ന കെട്ടിടം ഉൾപ്പെടെയുള്ള വടക്കഞ്ചേരി ടൗണിലെ കെട്ടിടങ്ങളെന്ന് അഗ്്നിശമനസേന ജില്ലാ മേധാവി അരുണ് ഭാസ്കർ പറഞ്ഞു.
സുരക്ഷാസംവിധാനമില്ലാത്ത കെട്ടിടം മൂലമാണ് അരമണിക്കൂർകൊണ്ട് നിയന്ത്രിക്കാവുന്ന തീ നിയന്ത്രിക്കാൻ മൂന്നുമണിക്കൂർ അശ്രാന്തപരിശ്രമം വേണ്ടിവന്നത്. നാലുനിലകളുള്ള കെട്ടിടത്തിൽ ഉള്ളിൽനിന്നു മാത്രമാണ് ചെറിയ കോണി മുകളിലേക്കുള്ളത്.
പുറമേ കോണികളോ കെട്ടിടത്തിനു ചുറ്റും മതിയായ സ്ഥലമോ ഇല്ലെന്നും ജില്ലാ ഫയർ ഓഫീസർ പറഞ്ഞു. ഗ്രൗണ്ട് ഫ്ളോറിന്റെ അടിയിലും മുകളിലുമെല്ലാം അനധികൃത നിർമാണമുണ്ട്. ആളുകൾ കടയിലുള്ള സമയത്തായിരുന്നു തീപിടിത്തമെങ്കിൽ വൻദുരന്തം ഉണ്ടാകുമായിരുന്നുവെന്നും അഗ്നിശമന സേനാംഗങ്ങളുടെ സമയോചിത ഇടപെടൽ മൂലമാണ് ഇത്രയെങ്കിലും ചെയ്യാനായതെന്നും അദ്ദേഹം വിശദീകരിച്ചു.
വടക്കഞ്ചേരി അഗ്നിരക്ഷാ നിലയത്തിനു കീഴിൽ വരുന്ന ഭൂരിഭാഗം കെട്ടിടങ്ങളുടെയും സ്ഥിതി ഏറെ ഗൗരവതരമാണ്. ഓഡിറ്റോറിയങ്ങൾ, മറ്റു ബഹുനില കെട്ടിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവയിലൊന്നും ഫയർ സർവീസ് അനുശാസിക്കുന്ന സുരക്ഷാക്രമീകരണങ്ങളില്ല.
ടൗണിലെ അനധികൃത കെട്ടിടനിർമാണം സംബന്ധിച്ച് വൈകിയാണെങ്കിലും സമഗ്രമായ പരിശോധന വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പാർക്കിംഗ് ഏരിയ കണ്ടെത്താതെ കെട്ടിടങ്ങൾ നിർമിച്ച് അവിടെ ഉൾക്കൊള്ളാവുന്നതിൽ കൂടുതൽ കടകൾ തുറന്നുള്ള ബിസിനസുകളാണ് നടക്കുന്നത്.
പത്തോളം കടക്കാർക്കും നഷ്ടമുണ്ടാക്കി
വടക്കഞ്ചേരി: തുണിക്കടയിലെ തീപിടിത്തം സമീപത്തെ പത്തോളം കടക്കാർക്കും വൻനഷ്ടമുണ്ടാക്കി. തീപടർന്ന് സമീപകടകളിലെ സാധനങ്ങളും ബോർഡുകളും രണ്ടു ബൈക്കുകളും കത്തിനശിച്ചു. കനിഹ തുണിക്കടയ്ക്കു തൊട്ടുള്ള വേളാന്പുഴ കല്ല ജോജി ഇട്ടൂപ്പിന്റെ ലിറ്റിൽ വേൾഡ് എന്ന കടയ്ക്കാണ് ഏറെ നഷ്ടമുണ്ടായത്.കുട്ടികളുടെ ഡ്രസുകളും കളിപ്പാട്ടങ്ങളും വില്പന നടത്തുന്ന കടയാണിത്.
തീയുടെ സംഹാരതാണ്ഡവത്തിൽ ഈ കടയുടെ സീലിംഗ് പൊട്ടിപൊളിഞ്ഞു. കെട്ടിടവും അടർന്നുവീഴുന്ന സ്ഥിതിയിലായി. ഷട്ടറുകളും ബോർഡുകളും ചൂടുമുലം വളഞ്ഞ് ഉപയോഗശൂന്യമായി. തൊട്ടുള്ള ചെറുകുന്നം സ്വദേശി ശ്രീകുമാറിന്റെ ശ്രീലക്ഷ്മി ജ്വല്ലറിയുടെ മുന്നിലെ ബോർഡുകളും കത്തിനശിച്ചു. ഷംസുദീന്റെ പച്ചക്കറിക്കടയിലെ പച്ചക്കറികളും പഴങ്ങളും തീയിൽ വെന്തുനശിക്കുകയും ഫാനിനും തുലാസിനും തീപിടിക്കുകയും ചെയ്തു.
കടയിലെ ജീവനക്കാരനായ ഷാഹുൽ ഹമീദിന്റെ ബൈക്ക് തിരിച്ചറിയാനാകാത്തവിധം പൂർണമായി കത്തിനശിച്ചു.
രക്ഷാപ്രവർത്തനത്തിന് എത്തിയ ടൗണിലെ എഐടിയുസി സെക്രട്ടറി എ.വി.അബ്ബാസിന്റെ ബൈക്കിനും തീപിടിച്ചു.
തുണിക്കടയുടെ എതിർവശത്തെ മൂന്നുകടകളുടെ ബോർഡുകൾ ചൂടുമൂലം കത്തിയുരുകി.