വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണ്‍ ഗ്രാമം റോഡിലെ തുണിക്കടയിൽ വൻതീപിടിത്തം. കെട്ടിടസമുച്ചയങ്ങൾക്കിടയിലെ കനിഹ എന്ന പേരിലുള്ള വസന്തം ടെക്സ്റ്റൈൽസ് ഗ്രൂപ്പിന്റെ തുണിക്കടയിലാണ് ഇന്നുരാവിലെ എട്ടേകാലിന് വൻഅഗ്നിബാധയുണ്ടായത്. വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സിന്റെ ആറു യൂണിറ്റ് മണിക്കൂറിലേറെ നടത്തിയ അശ്രാന്തപരിശ്രമത്തിലാണ് നാലുനില കെട്ടിടത്തിലെ തീ നിയന്ത്രിക്കാനായത്. ഏകദേശം രണ്ടുകോടി രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കടയുടമ അറിയിച്ചു.
രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരൻ ഷാഹുൽ ഹമീദാണ് തീ ആദ്യം കണ്ടത്. മറ്റുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് വടക്കഞ്ചേരി, ആലത്തൂർ എന്നിവിടങ്ങളിൽനിന്നുള്ള അഗ്്നിശമനസേന സ്ഥലത്തെത്തി. ലക്ഷങ്ങൾ വിലമതിക്കുന്ന തുണിത്തരങ്ങളും ഫർണീച്ചറുകളുമായി നാലുനില കെട്ടിടം പൂർണമായും കത്തിനശിച്ചു.
സമീപത്തെ കടകളിലേക്ക് വലിയതോതിൽ തീപടരുംമുന്പേ തീ നിയന്ത്രിക്കാനായെങ്കിലും സമീപത്തെ കടകൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. തീപിടിച്ച കടയുടെ എതിർവശത്തെ കടകളുടെ ബോർഡുകളും മറ്റും കത്തിനശിച്ചു. ടൗണിലേക്കുള്ള വൈദ്യുതിവിതരണം പൂർണമായും ഓഫാക്കി കൂടുതൽ അപകട സാധ്യത അധികൃതർ ഒഴിവാക്കി. കടയ്ക്കുമുന്നിൽ വച്ചിരുന്ന രണ്ടു ബൈക്കുകളും വലിയ ജനറേറ്ററും കത്തിനശിച്ചു.
നാട്ടുകാരും കച്ചവടക്കാരും സന്നദ്ധസംഘടനകളും അഗ്നിശമന സേനയുടെയും പോലീസിന്റെയും ഒപ്പം രക്ഷാപ്രവർത്തകരായി.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവും കത്തിനശിച്ചു.