കാര : അഴീക്കോട് മേനോൻ ബസാറിൽ ട്രാൻസ്ഫോമറിനു സമീപം പുല്ലിന് തീ പിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. മേനോൻ ബസാർ സെന്ററിന് തെക്കു ഭാഗത്തു റോഡിനു പടിഞ്ഞാറു ഭാഗത്താണ് സംഭവം. ട്രാൻസ്ഫോമറിന് അടുത്ത് തീ വലിയ രീതിയിൽ കത്തുന്നത് കണ്ട പ്രദേശ പ്രവാസികൾ ഉടൻ തന്നെ കെ എസ് ഇ ബി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
ഇതിനിടയിൽ നാട്ടുകാർ തീയണക്കാൻ ശ്രമം ആരംഭിച്ചിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥർ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പ്രദേശവാസികൾ തീ അണക്കുകയായിരുന്നു.
ദിലീപ് വടശ്ശേരി, സുരേഷ്, ബാബു കുട്ടോത്ത്, അഴകൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്. വേനൽ ചൂട് രൂക്ഷമായതോടെ തീരദേശ മേഖലയിലെ വിവിധ ഇടങ്ങയിൽ പുല്ലിന് തീ പിടിക്കുന്നത് പതിവായിട്ടുണ്ട്.