സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്വര്‍ണക്കടത്തു കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസിലുണ്ടായ തീപിടിത്തം സംബന്ധിച്ചു സീന്‍ എക്സാമിനിനേഷന് റിപ്പോര്‍ട്ട് സര്‍ക്കാരിനു നിര്‍ണായകം.
തീപിടിത്തമുണ്ടായ ദിവസം തന്നെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ (എഫ്എസ്എല് ) നിന്നുള്ള വിദഗ്ധ സംഘമായിരുന്നു സംഭവസ്ഥലം പരിശോധിച്ചത്.
ഈ പരിശോധനയില്‍ ശേഖരിച്ച തെളിവുകള്‍ക്കു പുറമേ സയിന്റിഫിക് വിദഗ്ധര്‍ക്ക് നേരിട്ട് ബോധ്യമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് സീന്‍ എക്സാമിനേഷന് റിപ്പോര്‍ട്ട്.
അതേ പ്രാധാന്യം
എഫ്എസ്എല് ഫിസിക്സ്, കെമിസ്ട്രി ലാബുകളില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാ ഫലത്തിന്റെ അതേപ്രധാന്യം തന്നെ സീന്‍ എക്സാമിനേഷന് റിപ്പോര്‍ട്ടിനുമുണ്ട്. എന്നാല്‍ ഇതുവരേയും ഈ റിപ്പോര്‍ട്ട് കൈമാറിയിട്ടില്ല.
സാധാരണ തീപിടിത്തമുണ്ടായാല്‍ അതത് ജില്ലാ ഫോറന്‍സിക് സയിന്റിഫിക് സംഘമാണ് പരിശോധനക്കായി എത്തുന്നത്. സെക്രട്ടേറിയറ്റിലെ തീപിടിത്തം പരിശോധിക്കേണ്ട ചുമതല തിരുവനന്തപുരം സിറ്റി ഫോറന്‍സിക് വിഭാഗത്തിനാണ്.
എന്നാല്‍ തീപിടിത്തം ഏറെ പ്രധാനപ്പെട്ട വിഷയമായതിനാല്‍ എഫ്എസ്എല്ലില്നിന്നുള്ള കെമിസ്ട്രി, ഫിസിക്സ് സംഘം എത്തുകയായിരുന്നു. ഇവിടെനിന്ന് പല സാമ്പികളുകള്‍ ശേഖരിക്കുകയും അവ പിന്നീട് ഫിസിക്സ്, കെമിസ്ട്രി ഡിവിഷനുകളിലേക്കായി വേര്‍തിരിച്ചു പരിശോധന നടത്തുകയുമായിരുന്നു.
ആകാംക്ഷയോടെ
തീപിടിത്തം ഷോര്‍ട്ട് സര്‍ക്ക്യൂട്ടിനെ തുടര്‍ന്നാണെന്ന വാദമായിരുന്നു സര്‍ക്കാര്‍ ഇതുവരെയും ഉന്നയിച്ചത്. ഇന്നലെ ഫോറന്‍സിക് ഫിസിക്സ് ഡിവിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഷോര്ട്ട്സര്ക്ക്യൂട്ടിന്റെ ലക്ഷണമൊന്നും കണ്ടെത്തിയില്ലെന്നാണുള്ളത്.
അതേസമയം കെമിസ്ട്രി ഡിവിഷന്റെ ഫലം കൂടി വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതവരികയുള്ളൂ. സംഭവസ്ഥലം നേരില്‍ കണ്ട ഫോറന്‍സിക് സംഘത്തിന്റെ വസ്തുതകള്‍ ഉള്‍പ്പെടുത്തിയുള്ള സീന്‍ എക്സാമിനേഷന് റിപ്പോര്‍ട്ട് എന്തായിരിക്കുമെന്നാണ് അന്വേഷണസംഘവും സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും ഉറ്റുനോക്കുന്നത്.