ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ ബാങ്ക് സമുച്ചയത്തിൽ വൻ തീപിടിത്തം. ഒരു ബാങ്ക് പൂർണമായും കത്തിനശിച്ചു. ഏറ്റുമാനൂർ – കോട്ടയം റൂട്ടിൽ എം സി റോഡിൽ പ്രവർത്തിക്കുന്ന യൂണിയൻ ബാങ്ക് ശാഖയാണ് ഇന്നു പുലർച്ചെ നാലോടെ കത്തിനശിച്ചത്. ബാങ്കിനുള്ളിൽനിന്ന് പുകയും കരിഞ്ഞ മണവും ഉണ്ടായതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ നോക്കിയപ്പോഴാണ് ബാങ്കിനുള്ളിൽനിന്ന് തീ ഉയരുന്നത് കണ്ടത്. തുടർന്ന് ഇയാൾ ഫയർഫോഴ്സിനെ വിളിച്ചു വരുത്തുകയായിരുന്നു.
കോട്ടയത്തുനിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമായിരിക്കാം തീപിടിച്ചതെന്നു സംശയിക്കുന്നതായി ഫയർഫോഴ്സ് പറഞ്ഞു. കൂടുതൽ പരിശോധനകൾക്ക് ശേഷമേ തീ പിടിക്കാനുള്ള യഥാർഥ കാരണം കണ്ടെത്താൻ സാധിക്കൂ.
നിരവധി രേഖകളും കംപ്യൂട്ടറുകളും അടക്കമാണ് കത്തി നശിച്ചിരിക്കുന്നത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന പണത്തിനോ മറ്റു ഫയലുകൾക്കോ തീപിടിച്ചിട്ടുണ്ടോയെന്നു ബാങ്ക് അധികൃതർ എത്തി പരിശോധന നടത്തിയെങ്കിൽ മാത്രമേ കണ്ടെത്താൻ സാധിക്കൂ. എത്ര രൂപയുടെ നഷ്ടമുണ്ടെന്ന് കണക്കാക്കിയിട്ടില്ല.
കത്തി നശിച്ച യൂണിയൻ ബാങ്ക് ഉൾപ്പെടെ മൂന്ന് ബാങ്കുകളും വിവിധ ബാങ്കുകളുടെ അഞ്ചോളം എടിഎം കൗണ്ടറുകളും, കെഎസ് എഫ്ഇ ശാഖ എന്നിവയും ഇതിനു സമീപമാണ് പ്രവർത്തിക്കുന്നത്. ഇവിടേയ്ക്കു തീ പടർന്നിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. സംഭവത്തെ തുടർന്ന് ഏറ്റമാനൂർ പോലീസും സ്ഥലത്തെത്തിയിരുന്നു.