സ്വന്തം ലേഖകൻ
അത്താണി: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ സാമൂഹ്യവിരുദ്ധർ തീവെച്ചു നശിപ്പിച്ചു. അത്താണി വെടിപ്പാറയിൽ ഗ്രീൻപാർക്ക് ലൈനിൽ പുതുപറന്പിൽ ബിന്ദുവിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിച്ചത്.
കാർ, ഓട്ടോറിക്ഷ, ബൈക്ക് എ ന്നിവ പൂർണമായും കത്തിനശിച്ചു.ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. വീടിന്റെ മുൻഭാഗവും കത്തിനശിച്ചിട്ടുണ്ട്. വാഹനങ്ങളിൽ നിന്നും തീ ജനലിനുള്ളിലൂടെ വീടിനകത്തേക്കും പടർന്നതിനെ തുടർന്ന് കിടപ്പുമുറിയിലെ കട്ടിലും മറ്റും ഭാഗികമായി കത്തിനശിച്ചു.
ആളപായമില്ല.തീകെടുത്താൻ വെള്ളം ഉപയോഗിക്കാതിരിക്കാനായി ബിന്ദുവിന്റെ വീട്ടിലേയും സമീപത്തെ വീടുകളിലേയും മോട്ടോറുകളുടെ കണക്ഷൻ വിച്ഛേദിച്ച ശേഷമാണ് തീയിട്ടിരിക്കുന്നത്. ബിന്ദുവും ഭർത്താവ് അജയനും മ കളുമാണ് ഈ സമയത്ത് വീട്ടിലിരുണ്ടായിരുന്നത്. ഡ്രൈവറാണ് അജയൻ.
തീയും പുകയും കണ്ട് വീട്ടുകാർ പുറത്തിറങ്ങാൻ നോക്കിയപ്പോൾ വീടിന്റെ മുൻവാതിൽ പുറത്തു നിന്നും കുറ്റിയിട്ട നിലയിലായിരുന്നു.
തുടർന്ന് വീട്ടുകാർ പിൻവാതിലിലൂടെ പുറത്തിറങ്ങി വീടിനു മുന്നിലെത്തിയപ്പോൾ പോർച്ചിലുണ്ടായിരുന്ന മൂന്നുവാഹനങ്ങളും വലിയ കന്നാസും കത്തിക്കൊണ്ടിരിക്കുകയായിരുന്നു.
തീകെടുത്താനായി മോട്ടോർ ഓണ്‍ ചെയ്തപ്പോഴാണ് കണക്ഷൻ വിച്ഛേദിച്ചിരിക്കുന്നതായി മനസിലായത്. സമീപത്തെ വീടുകളിൽ ചെന്ന് അവിടത്തെ മോട്ടോർ ഓണ്‍ ചെയ്യാൻ നോക്കിയപ്പോഴാണ് അവിടെയും കണക്ഷനുകൾ മുറിച്ചുമാറ്റിയതായി കണ്ടത്.
തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരിയിൽ നിന്നുമെത്തിയ ഫയർഫോഴ്സാണ് തീയണച്ചത്. വടക്കാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. വീട്ടുകാരുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
വിഷംകഴിച്ച് അവശനിലയിലായ പ്രതിയെ പിടികൂടി
പ്രതിയെ സംഭവം നടന്ന വീടിന്റെ മുകൾ നിലയിലെ മുറിയിൽ ഇന്നലെ വൈകീട്ടോടെ വിഷംകഴിച്ച നിലയിൽ കണ്ടെത്തി. വെടിപ്പാറ ശാന്തിപുരം സ്വദേശി നാലുകണ്ടത്തിൽവീട്ടിൽ കുമാരനെ(73)യാണ് അവശനിലയിൽ കണ്ടെത്തിയത്.
സംഭവശേഷം പ്രതിയെന്നു സംശയിക്കുന്ന ഇയാളെ കണ്ടിരുന്നില്ല. വൈകിട്ട് 4.30 ഓടെയാണ് വീട്ടുകാർ മുകളിലത്തെ നിലയിൽ ഇയാളെ കണ്ടെത്തിയത്.
വീടിനു പുറത്തുള്ള ഗോവണി കയറി മുകൾനിലയിൽ കയറിക്കൂടിയത് ആരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലേക്കുമാറ്റി.