ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപുരിൽ ബന്ധു മാനഭംഗപ്പെടുത്തി തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു. ശരീരത്തിൽ 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി കാണ്‍പുരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഫത്തേപുരിലെ ഹുസൈൻഹജിലാണ് പെണ്‍കുട്ടിയെ മാനഭംഗം ചെയ്തു ബന്ധുവായ കാമുകൻ തീകൊളുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വീട്ടിൽ ഒറ്റയ്ക്കായിരുന്ന പെണ്‍കുട്ടിയെ ബന്ധു മാനഭംഗപ്പെടുത്തിയെന്ന് പിതാവ് പോലീസ് പരാതി നൽകിയിരുന്നു. തുടർന്നു ഇയാളെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഡിസംബർ ആദ്യവാരം ഉത്തർപ്രദേശിലെ ഉന്നാവോയിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഉന്നാവോയിൽ മാനഭംഗത്തിനിരയായ പെണ്‍കുട്ടി കേസിന്റെ ആവശ്യത്തിനായി കോടതിയിലേക്കു പോകും വഴി പ്രതികളുൾപ്പെടെയുള്ള അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലിരിക്കെ പിന്നീട് മരിച്ചു.