തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് ഫയർ ആൻഡ് റെസ്ക്യു ആദ്യ വനിതാ ഓഫീസർമാരുടെ നിയമനവും പാസിംഗ് ഔട്ട് പരേഡും. ചരിത്രത്തിലെ സുവർണ നിമിഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേരൂർക്കട എസ്എപി ക്യാമ്പിൽ 82 വനിതകളടങ്ങുന്ന ആദ്യബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു.
സാർവദേശീയ വനിതാദിനത്തിന്റെ ഭാഗമായിത്തന്നെ വനിതകളുടെ പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചത് കൂടുതൽ ആഹ്ലാദകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാരാണ് സേനയിലേക്ക് സ്ത്രീകളെ നിയമിക്കുന്നതിനുള്ള തീരുമാനമെടുത്തത്.
ദുരന്തനിവാരണത്തിലെന്നപോലെ സാമൂഹിക സുരക്ഷിതത്വത്തിനും വലിയ ഉത്തരവാദിത്വമാണ് ഓരോരുത്തർക്കും നിർവഹിക്കാനുള്ളത്. മികച്ച അക്കാദമി യോഗ്യത ഉള്ളവരാണ് ഓരോരുത്തരും.
നാലുപേർ ബിടെക് യോഗ്യതയുള്ളവരും 26 പേർ ബിരുദാനന്തര ബിരുദധാരികളുമാണ്. 50 പേർ ബിരുദധാരികളും രണ്ടുപേർ ഡിപ്ലോമാ യോഗ്യതയുള്ളവരുമാണ്. സമഗ്രമായ ഒരു വർഷത്തെ പരിശീലനമാണ് സേനാംഗങ്ങൾക്കു ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.