എത്തിയിരിക്കുന്നത് കൊടുംഭീകരന്‍; വാനാക്രൈയേക്കാള്‍ മാരകമായ മാല്‍വെയര്‍ ഫയര്‍ബാള്‍ ഇതിനകം ബാധിച്ചത് 25 കോടിയിലേറെ കംപ്യൂട്ടറുകളില്‍;ഇന്ത്യയില്‍ ബാധിച്ചത് രണ്ടരക്കോടി കംപ്യൂട്ടറുകളില്‍

fire600കാതു കുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരുമെന്ന പഴമൊഴി എത്ര ശരി. കംപ്യൂട്ടറിന്റെ പ്രവര്‍ത്തനം നിശ്ചലമാക്കിയതിനു ശേഷം മോചനദ്രവ്യം ആവശ്യപ്പെടുന്ന വാനാക്രൈ റാന്‍സംവേയറിന്റെ ഭീഷണി ഒന്നൊതുങ്ങിയതേയുള്ളൂ, അതാ വരുന്നു പുതിയ മാല്‍വെയര്‍. പ്രഹരശേഷിയില്‍ മുന്‍ഗാമിയെ അപേക്ഷിച്ച് കൂടുതല്‍ അപകടകാരിയാണ് ഫയര്‍ബോള്‍(തീഗോളം) എന്നറിയപ്പെടുന്ന പുതിയ മാല്‍വെയര്‍. ഇതിനകം ലോകത്താകമാനമുള്ള 25 കോടിയിലേറെ കംപ്യൂട്ടറുകളിലാണ് ഇവന്‍ കയറിക്കൂടിയിരിക്കുന്നത്. പ്രധാന ഇരയാവട്ടെ ഇന്ത്യയും, ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. വികസ്വര രാജ്യങ്ങളാണ് ലക്ഷ്യമെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തം.

നാം പോലുമറിയാതെ നമ്മുടെ കംപ്യൂട്ടര്‍ ചൈനീസ് കമ്പനിക്കു വേണ്ടി ‘ജോലി’ ചെയ്യും എന്നതാണ് ഈ മാല്‍വെയറിന്റെ പ്രശ്‌നം. മാത്രവുമല്ല ‘ഒളിച്ചിരുന്ന്’ നമ്മുടെ സ്വകാര്യ വിവരങ്ങള്‍ വരെ അടിച്ചെടുക്കുകയും ചെയ്യും. എല്ലാറ്റിനുമുപരിയായി ഒരു കംപ്യൂട്ടറില്‍ കയറിയാല്‍ അതിനകത്തിരുന്ന് ‘പെറ്റുപെരുകി’ പുതിയ ഭീകരസോഫ്റ്റ്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തു കൊണ്ടേയിരിക്കുമെന്ന പ്രശ്‌നവുമുണ്ട് ഫയര്‍ബോളിന്! രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ വരെ ബാധിക്കുന്ന ഈ പ്രശ്‌നത്തിന്റെ ഏറ്റവും വലിയ ഇര ഇന്ത്യയായതും ആശങ്ക വര്‍ധിപ്പിക്കുന്നു. സൈബര്‍ സെക്യൂരിറ്റി കമ്പനിയായ ചെക്ക് പോയിന്റാണ് ഈ മാല്‍വേറിനെ തിരിച്ചറിഞ്ഞത്. പരിശോധനയില്‍ ഉത്ഭവം ചൈനയില്‍ നിന്നാണെന്നു തെളിഞ്ഞു. ബെയ്ജിങ് ആസ്ഥാനമായുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനി ‘റഫോടെക്ക്’ ആണ് ഈ മാരകസോഫ്റ്റ്വെയര്‍ തയാറാക്കിയത്. ലക്ഷ്യം, തങ്ങളുടെ ഉടമസ്ഥതയിലുള്ള വെബ്‌സൈറ്റുകള്‍ വഴിയുള്ള വരുമാനം കൂട്ടുക എന്നതും. മറ്റ് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനൊപ്പം കയറിപ്പോരുകയെന്നതാണ് ഫയര്‍ബോളിന്റെ സ്വഭാവം. അതിനാല്‍ത്തന്നെ ഡൗണ്‍ലോഡ് ചെയ്യുന്നവയില്‍ ഒറിജിനലേത് ഭീകരനേത് എന്നു തിരിച്ചറിയാനാകാത്ത അവസ്ഥയും.

വെബ് ബ്രൗസറുകളെയാണ് ഫയര്‍ബോള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ബ്രൗസറില്‍ നമ്മള്‍ ഡിഫോള്‍ട്ടാക്കിയിട്ടുള്ള സെര്‍ച്ച് എഞ്ചിന്‍ മാറ്റി അവരുടെ സേര്‍ച്ച് എഞ്ചിന്‍ ഡിഫോള്‍ട്ടാക്കിയാണ് നിയന്ത്രണം ഏറ്റെടുക്കുന്നത്.വെബ് ബ്രൗസറിന്റെ നിയന്ത്രണം ഫയര്‍ബോള്‍ ഏറ്റെടുത്തതിനു ശേഷം അതിനെ ഒരു ‘ആഡ്-ക്ലിക്കിങ് യന്ത്ര’മാക്കി മാറ്റും. അതായത്, റഫോടെക്കിന്റെ ഉടമസ്ഥതയിലുള്ള വെബ്‌സൈറ്റുകള്‍ ഓരോന്നായി തനിയെ തുറന്ന് അവയിലെ പരസ്യങ്ങളിന്മേല്‍ ക്ലിക്ക് ചെയ്യും. അതുവഴി പരസ്യവരുമാനവും കൂടും. ഇതു കൂടാേെത കൂടുതല്‍ പുതു ഭീകരസോഫ്റ്റ്വെയറുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കംപ്യൂട്ടറിലെ തന്റെ സാന്നിധ്യം ശക്തമാക്കും. ബ്രൗസര്‍ പ്ലഗ്-ഇന്നുകളും മറ്റ് ആപ്ലിക്കേഷനുകളും ഫയര്‍ബോള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. അതുവഴിയും റഫോടെക്കിന്റെ വരുമാനം കൂട്ടുകയാണു ലക്ഷ്യം. പുതിയ ഭീകരമാല്‍വെയറുകള്‍ എപ്പോള്‍ വേണമെങ്കിലും കംപ്യൂട്ടറില്‍ പിറവിയെടുക്കാമെന്നും അര്‍ഥം. ഇതിനെയെല്ലാം ശരിവച്ച് ആമസോണ്‍ അലക്‌സയുടെ കണക്കുകളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ ടോപ് 10,000 വെബ്‌സൈറ്റുകളുടെ പട്ടികയിലായിരുന്ന റഫോടെക്കിന്റെ വെബ്‌സൈറ്റുകള്‍ ഇന്ന് ടോപ് 1000ലെത്തിയിരിക്കുന്നു.

കംപ്യൂട്ടറില്‍ നിങ്ങള്‍ എന്തു ചെയ്താലും അവര്‍ക്ക് അത് അറിയാന്‍ പറ്റും.യൂസര്‍ എന്താണ് കംപ്യൂട്ടറില്‍ ചെയ്യുന്നത് എന്ന കാര്യം പിടിച്ചെടുക്കാനുള്ള ‘ട്രാക്കിങ് പിക്‌സലുകള്‍’ എന്ന വളരെ ചെറിയ ഇമേജുകള്‍ പേജുകളില്‍ എംബഡ് ചെയ്താണ് ഇത് സാധ്യമാക്കുന്നത്. അത്തരം വ്യക്തിഗത വിവരങ്ങള്‍ കമ്പനിക്ക് മാര്‍ക്കറ്റിങ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം, വേണമെങ്കില്‍ മറ്റു കമ്പനികള്‍ക്ക് വില്‍ക്കാം. വമ്പന്‍ കോര്‍പറേറ്റ് കമ്പനികളുടെ കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളെയാണ് ഫയര്‍ബോള്‍ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. ഒരു കൂട്ടം കംപ്യൂട്ടറുകളെ ഒറ്റയടിക്ക് ആക്രമിച്ച് ‘ബോട്‌നെറ്റ്’ ആക്കി മാറ്റാമെന്ന ഗുണവുമുണ്ട്. ഇന്ത്യയില്‍ മാത്രം രണ്ടരക്കോടിയോളം കംപ്യൂട്ടറുകളാണ് ആക്രമിക്കപ്പെട്ടിരിക്കുന്നത്. ഇത് ഓരോ നിമിഷവും കൂടിക്കൊണ്ടിരിക്കുകയുമാണ്.

ലോകമെമ്പാടുമുള്ള 20 ശതമാനം കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഫയര്‍ബോളിന്റെ അക്രമണത്തിനിരയായിക്കഴിഞ്ഞു. ഇന്ത്യയിലെ 10.1 ശതമാനം കംപ്യൂട്ടറുകളെയും ഇത് ബാധിച്ചു കഴിഞ്ഞു. ബ്രസീലില്‍ ഇത് 9.6 ശതമാനമാണ്. ബിസിനസ് നെറ്റ്വര്‍ക്കുകളുടെ കാര്യത്തിലാണെങ്കില്‍ യുഎസ് ആണു മുന്നില്‍. ഇവിടത്തെ കോര്‍പറേറ്റ് കമ്പനി നെറ്റ്വര്‍ക്കുകളില്‍ 10.7 ശതമാനവും ഫയര്‍ബോളിന്റെ പിടിയിലാണ്. മെക്‌സിക്കോയും ഇന്തൊനീഷ്യയുമെല്ലാമാണ് മറ്റു രാജ്യങ്ങള്‍. ചൈനയിലെ കോര്‍പറേറ്റ് നെറ്റ്വര്‍ക്കുകളില്‍ 4.7 ശതമാനവും ഫയര്‍ബോള്‍ ആക്രമണത്തില്‍പ്പെട്ടിട്ടുണ്ട്. ഇതുപക്ഷേ സാധാരണ ഒരു ‘ ആഡ് ക്ലിക്കിങ് സോഫ്റ്റ്വെയറാ’ണെന്ന് ആരും വിശ്വസിക്കുന്നില്ല.വന്‍ തോതിലുള്ള ആക്രമണത്തിനു മുന്നോടിയായാണ് ഈ രൂപത്തിലെത്തിയിരിക്കുന്നതെന്ന് സൈബര്‍ സെക്യൂരിറ്റി കമ്പനികള്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

Related posts