ബഹുനില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് മരണം. ഇന്ന് പുലർച്ചെ മുംബൈയിലെ ഗോരേഗാവ് വെസ്റ്റ് ഏരിയയിലാണ് സംഭവം. ഗോരേഗാവ് വെസ്റ്റിലെ ആസാദ് നഗർ പ്രദേശത്തെ ഗ്രൗണ്ട് പ്ലസ് സെവൻ സ്ട്രക്ച്ചറായ ജയ് ഭവാനി ബിൽഡിംഗിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്.
താഴത്തെ നിലയിലും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലും പെട്ടന്ന് തീപിടിത്തമുണ്ടായി. ഇതുവരെ 40 ഓളം പേരെ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തി. തീ നിയന്ത്രണവിധേയമാക്കാൻ പത്ത് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി.
തീ ആളിപ്പടരാൻ തുടങ്ങിയതിന് നാല് മണിക്കൂറിന് ശേഷം രാവിലെ ഏഴ് മണിയോടെ തീ അണച്ചത്. റിപ്പോർട്ടുകൾ പ്രകാരം പരിക്കേറ്റ 51 പേരിൽ നിന്ന് ഇതുവരെ ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അഞ്ച് പേരുടെ നില ഗുരുതരമാണ്. 35 പേർ ചികിത്സയിലാണ്. പരിക്കേറ്റവരിൽ നാല് പേർ ആശുപത്രി വിട്ടു.
തീപിടിത്തത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ദുഃഖം രേഖപ്പെടുത്തുകയും സംസ്ഥാന സർക്കാർ ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ എല്ലാ വശങ്ങളും തകർന്നെന്നും താഴത്തെ നിലയിലെ കടകളും ഇരുചക്രവാഹനങ്ങളും പൂർണമായും കത്തിനശിച്ചതായും അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു