മംഗലാപുരം- തിരുവനന്തപുരം മാവേലി എക്സ്പ്രസിന് നേരെ കഴിഞ്ഞ ദിവസം പടക്കമെറിഞ്ഞ സംഭവത്തില് രണ്ട് കുട്ടികള് കസ്റ്റഡിയില്.
കേന്ദ്രമന്ത്രി വി മുരളീധരനും മന്ത്രി പി എ മുഹമ്മദ് റിയാസും കോഴിക്കോട് റെയില്വേ സ്റ്റേഷനില് നിന്ന് ട്രെയിനില് കയറാനിരിക്കെയായിരുന്നു വെള്ളയില് സ്റ്റേഷനു സമീപം പടക്കമേറുണ്ടായത്.
തുടര്ന്ന് സംഭവത്തില് അന്വേഷണം പുരോഗമിക്കുമ്പോള് വെള്ളയില് സ്റ്റേഷനു സമീപം വീണ്ടും പടക്കവുമായി കുട്ടികളെത്തിയപ്പോളാണ് ഇവരെ പിടികൂടിയത്.
ഇവരെ പിന്നീട് റെയില്വേ സംരക്ഷണ സേന രക്ഷിതാക്കള്ക്കൊപ്പം വിട്ടയച്ചു. ശനിയാഴ്ച രാത്രി 1.32ഓടെയായിരുന്നു പടക്കമേറുണ്ടായത്.
ജനറല് കോച്ചിന് നേരെ വന്ന പടക്കം ട്രെയിനിന്റെ വാതിലിനരികിലിരുന്ന യാത്രക്കാരന്റെ കാലില് തട്ടി പുറത്തേക്ക് തെറിച്ചുവീണ് പൊട്ടുകയായിരുന്നു.
ട്രെയിന് കോഴിക്കോട് റെയില്വേ സ്റ്റേഷനിലെത്തിയപ്പോള് യാത്രക്കാരന് റെയില്വെ ഉദ്യോഗസ്ഥരെ അറിയിച്ചു.
ആര്പിഎഫ് ഉടനെ വെള്ളയില് സ്റ്റേഷനിലെത്തി ട്രാക്കുകളും പരിസരവും പരിശോധിച്ചു.
ഡോഗ് സ്ക്വാഡ് എത്തി പരിശോധിച്ചെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. പിടിയിലായ കുട്ടികളില് നിന്ന് പടക്കം കണ്ടെടുത്തിട്ടുണ്ട്.