മലപ്പുറം∙ നിലമ്പൂർ പാട്ടുത്സവ വേദിയിൽ ഫയർ ഡാൻസിനിടെ യുവാവിനു പൊള്ളലേറ്റു. തമ്പോളം ഡാൻസ് ടീമിലെ സജിക്കാണ് പരിക്കേറ്റത്. വായിൽ മണ്ണെണ്ണ നിറച്ച് കൈയിൽ ഉയർത്തി പിടിച്ച തീയിലേക്ക് തുപ്പുന്നതിനിടെയാണ് അപകടം.
യുവാവിന്റെ മുഖത്തും ദേഹത്തും സാരമായി പൊള്ളലേറ്റു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ കാരണം വലിയ ദുരന്തം ഒഴിവായി. നാട്ടുകാർ വേഗം തന്നെ തീ അണക്കുകയും യുവാവിനെ അടുത്തുള്ള മെഡിക്കൽ കോളജിലേക്ക് എത്തിക്കുകയും ചെയ്തു.
നിലമ്പൂർ നഗരസഭയും നിലമ്പൂർ വ്യാപാരി വ്യവസായി സമിതിയും ചേർന്നാണ് പാട്ടുത്സവം സംഘടിപ്പിച്ചത്. 10 വരെ മാത്രമായിരുന്നു പരിപാടി അവതരിപ്പിക്കാൻ പോലീസ് അനുവദിച്ച സമയം. എന്നാൽ 10.50 നാണ് സംഭവം ഉണ്ടായത്. ഫയർ ഡാൻസുമായി ബന്ധപ്പെട്ട പരിപാടികൾ നേരത്തേ നിശ്ചയിച്ചിട്ടില്ലെന്നും, യുവാവ് അപ്രതീക്ഷിതമായി അവതരിപ്പിച്ച പരിപാടിയാണ് ഇതെന്നും ആരോപണം ഉയരുന്നു.