തൊടുപുഴ: സ്വത്തു തർക്കത്തെ തുടർന്ന് മകനെയും മകന്റെ ഭാര്യയേയും രണ്ടു പേരക്കുട്ടികളെയും അച്ഛൻ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി.
ചീനിക്കുഴി ആലിയക്കുന്നേൽ സ്വദേശി മുഹമ്മദ് ഫൈസൽ(ഷിബു-45), ഭാര്യ ഷീബ (40), മക്കളായ മെഹ്ർ (16), അസ്ന (13) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നു പുലർച്ചെ ഒന്നോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
സംഭവത്തിൽ മുഹമ്മദ് ഫൈസലിന്റെ പിതാവ് ഹമീദി (71) നെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തെ കൂട്ടത്തോടെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആസൂത്രിതമായാണ് ഹമീദ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
വീടിന്റെ വാതിലുകൾ എല്ലാം പുറത്തു നിന്നും പൂട്ടിയതിനു ശേഷം വാതിലിനടിയിലൂടെ പെട്രോൾ മുറിക്കകത്തേക്ക് ഒഴിച്ച് ജനലിലൂടെ തീ കൊളുത്തുകയായിരുന്നു.
തീ കെടുത്താതിരിക്കാൻ വീട്ടിലേക്കുള്ള വാട്ടർ കണക്ഷനുകളും ഇയാൾ വിച്ഛേദിച്ചിരുന്നു.വീടിനു തീ പിടിച്ച വിവരം അയൽവാസിയായ രാഹുൽ ആണ് ആദ്യം അറിയുന്നത്.
വീട്ടിൽ തീ പടർന്നതോടെ രക്ഷിക്കണമെന്ന അഭ്യർഥനയോടെ ഫൈസലും മക്കളും രാഹുലിനെ വിളിക്കുകയായിരുന്നു. രാഹുൽ ഓടിയെത്തിയപ്പോൾ മുറികളിൽ തീ ആളിപ്പടർന്നിരുന്നു.
പ്രധാന കതക് പൂട്ടിയിരുന്നതിനാൽ ഇത് ചവുട്ടിപ്പൊളിച്ചു. അകത്തു കയറിയപ്പോൾ ഫൈസലും കുടുംബവും കിടന്നുറങ്ങിയിരുന്ന കിടപ്പു മുറിയും പുറമേ നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇതു ചവുട്ടി പൊളിച്ചെങ്കിലും ഉള്ളിൽ കയറാനായില്ല.
ഇതിനിടെ രക്ഷപ്പെടാൻ ബാത്ത്റൂമിനുള്ളിൽ കയറിയ ഫൈസലും ഭാര്യയും മക്കളും ഇതിനുള്ളിൽ വെന്തു മരിക്കുകയായിരുന്നു. വാട്ടർ കണക്ഷൻ വിച്ഛേദിച്ചതിനാൽ ബാത്ത്റൂമിനുള്ളിലും വെള്ളമുണ്ടായിരുന്നില്ല.
വീട്ടിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച രാഹുലിനു നേരെയും ഹമീദ് പെട്രോൾ നിറച്ച കുപ്പിയെറിഞ്ഞു.ഇതിനിടെ നാട്ടുകാരും ഓടിക്കൂടിയെങ്കിലും തൊടുപുഴയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും അണയ്ക്കാനായത്.
തൊടുപുഴ ഡിവൈഎസ്പി എ.ജി.ലാലിന്റെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തി.
പ്രതി പിന്നീട് ബന്ധുവീട്ടിലെത്തി മകനെയും കുടുംബത്തെയും കൊലപ്പെടുത്തിയെന്ന വിവരം പറഞ്ഞതിനു ശേഷം ഇവിടെ നിന്നും പോയി. ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു.
ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. മൃതദേഹങ്ങൾ ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി.
ചീനിക്കുഴി ടൗണിൽ പലചരക്കു വ്യാപാരം നടത്തുകയാണ് മുഹമ്മദ് ഫൈസൽ. മങ്കുഴി ചീനിയ്ക്കൽ ഇബ്രാഹീമിന്റെ മകളാണ് ഷീബ. മുതലക്കോടം എസ്എച്ച് ഹൈസ്കൂൾ പ്ല്സ് ടു വിദ്യാർഥിനിയാണ് മെഹ്ർ. കോടിക്കുളം സാൻജോ പബ്ലിക് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അസ്ന.
അടങ്ങാത്ത പക
ഹമീദിന് മകനോട് ഉണ്ടായിരുന്ന കടുത്ത പകയാണ് കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. കാലങ്ങളായി ഇവർ തമ്മിൽ സ്വത്തുമായി ബന്ധപ്പെട്ട് തർക്കം നില നിന്നിരുന്നു.
ഹമീദിന്റെ ആദ്യഭാര്യയിലെ മകനാണ് മുഹമ്മദ് ഫൈസൽ. മുന്നുമക്കളിൽ ഒരു മകൾ ഇതേ വീട്ടിൽ ജീവനൊടുക്കിയിരുന്നു. രണ്ടാമത്തെ ഭാര്യയിൽ മക്കളില്ല.
ഈ വീട്ടിൽ തന്നെയാണ് ഹമീദ് കഴിഞ്ഞിരുന്നതെങ്കിലും മകനും കുടുംബവുമായി നല്ല ബന്ധത്തിലായിരുന്നില്ല. തനിച്ച് ഒരു മുറിയിൽ ഭക്ഷണം വച്ചു കഴിച്ചാണ് ഇയാൾ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസവും ഇവർ തമ്മിലുള്ള സ്വത്തു തർക്കം തീർക്കാൻ മധ്യസ്ഥ ചർച്ച നടത്തിയിരുന്നെങ്കിലും ഇതു പരാജയപ്പെട്ടിരുന്നു.
ഇതിനിടെയാണ് മകനോടുള്ള പകയിൽ കുടുംബത്തെ ഒന്നാകെ കൊലപ്പെടുത്താൻ ഹമീദ് പദ്ധതി തയാറാക്കിയത്. മുറികൾ പുറത്തു നിന്നു പൂട്ടുകയും വീട്ടിലേക്കുള്ള വെള്ളം വിച്ഛേദിക്കുകയും ചെയ്തതോടെ കുട്ടികൾ ഉൾപ്പെടെ രക്ഷപ്പെടരുതെന്നായിരുന്നു ഇയാളുടെ കണക്കുകൂട്ടൽ.
ഞെട്ടലിൽനിന്ന് മുക്തനാകാതെ രാഹുൽ
രക്ഷപ്പെടാനായി ഫൈസലും കുടുംബവും ഫോണ് വിളിച്ച അയൽവാസിയായ രാഹുൽ സംഭവത്തിന്റെ ഞെട്ടലിൽ നിന്നും മുക്തനായിട്ടില്ല.
ഫോണിലൂടെ ഇവരുടെ രക്ഷിക്കണേയെന്നുള്ള കരച്ചിൽ കേട്ട് ഓടിയെത്തിയ രാഹുലിന് ആദ്യം ഒന്നും ചെയ്യാനായില്ല. അപ്പോഴും വീട്ടിലേക്ക് പെട്രോൾ ഒഴിക്കുന്ന ഹമീദിനെയാണ് രാഹുൽ കാണുന്നത്.
പിന്നെ മുൻ വാതിൽ ചവിട്ടി പൊളിച്ച് അകത്തു കയറിയപ്പോൾ കിടപ്പു മുറി അകത്തു നിന്നും പൂട്ടിയിരുന്നു. ഇതും പൊളിച്ച് അകത്തു കയറിയെങ്കിലും തീ പടർന്നതിനാൽ ഒന്നും ചെയ്യാനായില്ല.
തീയിൽ അകപ്പെട്ടവരോട് പുറത്തേക്കു വരാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ പ്രാണരക്ഷാർഥം ബാത്ത്റൂമിൽ കയറിയിരിക്കുകയായിരുന്നു.
എന്നാൽ തീ കെടുത്താൻ ഇവിടെയും വെള്ളമുണ്ടായിരുന്നില്ല. തുടർന്ന് രണ്ടു കുട്ടികൾ ഉൾപ്പെടെ നാലു പേരും ഇവിടെ തന്നെ വെന്തുമരിച്ചു. ഇതിനിടെ രാഹുലിനു നേരെയും ആക്രോശത്തോടെ പ്രതി പെട്രോൾ ഒഴിച്ചു.
സ്വപ്നം ബാക്കിയായി
ചീനിക്കുഴി ടൗണിനു സമീപം നിർമിച്ച പുതിയ വീട്ടിലേക്ക് ഇവർ അടുത്ത മാസം താമസം മാറാനിരിക്കെയാണ് മുഹമ്മദ് ഫൈസലിനെയും കുടുംബത്തെയും തേടി പിതാവിന്റെ രൂപത്തിൽ ദുർവിധിയെത്തിയത്.
വീട്ടിലെ വഴക്കു മൂലമാണ് കുടുബത്തെയുമൊത്ത് മാറി താമസിക്കാൻ ഫൈസൽ തീരുമാനിച്ചത്. ഇതിനായാണ് നല്ല രീതിയിലുള്ള പുതിയ വീടു നിർമിച്ചത്.
നിർമാണമെല്ലാം പൂർത്തിയാക്കി വീട്ടിലേക്ക് ഉടൻ മാറാനിരിക്കുകയായിരുന്നു. ഉടുന്പന്നൂരിലെയും ചീനിക്കുഴിയിലെയും നാട്ടുകാർക്കും ഏറെ പ്രിയങ്കരരായിരുന്നു ഈ കുടുംബം.
മികച്ച രീതിയിൽ പഠിച്ചിരുന്ന രണ്ടു കുട്ടികളുടെ മരണം അവർ പഠിച്ചിരുന്ന സ്കൂളുകളിലെ അധ്യാപകരെയും വിദ്യാർഥികളെയും ഏറെ ദുഃഖത്തിലാഴ്ത്തി.