കാട്ടാക്കട : പേഴുംമൂട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പൂരം ഹോം അപ്ലയൻസസ് ഗോഡൗണിന് തീപിടിച്ച് അതിനകത്ത് കിടന്നു ഉറങ്ങുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ വെന്തു മരിച്ചു. പൂവച്ചൽ കാപ്പിക്കാട് സ്വദേശി സുരേന്ദ്രൻനായർ( 75) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ ഒരു മണിയ്ക്കാണ് സംഭവം. ഗൃഹോപകരണങ്ങളും ഇലക്ട്രിക്ക് സാധനങ്ങളും ഫർണിച്ചറും വിൽക്കുന്ന കടയാണ് പൂരം. ചെറുതായി ആദ്യം തീ പടർന്നു .തുടർന്നാണ് തീ ആളി പടർന്നത്. സെക്യൂരിറ്റി പണിയ്ക്ക് ശേഷം സുരേന്ദ്രൻനായർ പുലർച്ചെ ഉറങ്ങാറുണ്ടത്രെ. അങ്ങിനെ ഉറങ്ങുന്ന വേളയിലാണ് തീപിടുത്തത്തിൽ മരിച്ചതെന്ന് പോലീസ് പറയുന്നു.
മൃതദേഹം കത്തി കരിഞ്ഞ നിലയിലാണ ്കാണപ്പെട്ടത്. തീ പിടുത്തത്തിന്റെകാരണം വെളിവായിട്ടില്ല. വാർണിഷ് ഉൾപ്പടെ ഇതിനകത്ത് സൂക്ഷിക്കാറുണ്ട്. തീ അതിൽ പടർന്നാവാം ആളി കത്തിയതെന്ന് സംശയിക്കുന്നതായി കാട്ടാക്കട പോലീസ് പറയുന്നു. കാട്ടാക്കട നിന്നും ഫയർ ഫോഴ്സ് എത്തിയപ്പോഴേയ്ക്കും തീ ആളി പടരുകയും കെട്ടിടത്തിനകത്ത് കയറാൻ പറ്റാത്ത നിലയിലുമായിരുന്നു. ഒടുവിൽ നെയ്യാർഡാം, നെയ്യാറ്റിൻകര, വിതുര, നെടുമങ്ങാട് എന്നിവിടങ്ങളിൽ നിന്നും ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
പുലർച്ചെ 3 മണിയ്ക്കാണ് തീ പൂർണ്ണമായും അണയ്ക്കാൻ കഴിഞ്ഞത്. തീ അണച്ചശേഷം അകത്തു കയറിപ്പോഴാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. കാപ്പിക്കാട് സ്വദേശി രാജീവിന്റെ വകയാണ് പേഴുംമൂടുള്ള പൂരം ഹോം അപ്ലയൻസസ് . തീപിടുത്തത്തിൽ മരിച്ചത് രാജീവിന്റെ വല്യച്ഛനാണ്. കെട്ടിടം ഉൾപ്പെടെ വെന്തു നശിച്ചു. നഷ്ടം കണക്കായില്ല.
അരകോടിയുടെ നഷ്ടം വരുമെന്ന് ചൂണ്ടികാട്ടപ്പെടുന്നു. കാട്ടാക്കട പോലീസ് കേസെടുത്തു. ഇന്ന് ഫയർഫോഴ്സിന്റെ മുതിർന്ന ഉദ്യോഗസ്ഥർ എത്തി വിശദമായ പരിശോധന നടത്തും. സുരേന്ദ്രൻനായരുടെ മൃതദേഹം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടു പോയി.
കനാലിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
ആന്പല്ലൂർ: വെണ്ടോർ കനാലിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കനാലിന് സമീപം താമസിക്കുന്ന കരുമാലിക്കൽ ലോനപ്പന്റെ ഭാര്യ അന്നം (79) ആണ് മരിച്ചത്. ഇന്നു രാവിലെ ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കാലുകൾ ഒഴികെ ശരീരഭാഗങ്ങൾ പൂർണ്ണമായും കത്തിക്കരിഞ്ഞു. തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു മൃതദേഹം. കാലിലെ മുറിവിന്റെ പാടുകൾ കണ്ടാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്.
അയൽവാസിയായ യുവാവാണ് മൃതദേഹം ആദ്യം കണ്ടത്. ഈ സമയത്ത് മൃതദേഹത്തിൽനിന്നു പുക ഉയർന്നിരുന്നതായും പറയുന്നു. മൃതദേഹത്തിന് അരികിൽനിന്നു പ്ലാസ്റ്റിക് കുപ്പി കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. രാവിലെ അഞ്ചരയ്ക്ക് അന്നം സ്ഥിരമായി പള്ളിയിൽ പോകാറുണ്ട്.
ആഭരണങ്ങൾ ഊരിവച്ചാണ് ഇന്നു പുറത്തിറങ്ങിയത്. ഇളയ മകൻ ജോണ്സന്റെ വീട്ടിലാണ് അന്നവും ഭർത്താവും താമസിക്കുന്നത്.
ഫോറൻസിക് വിദഗ്ദധർ എത്തി പരിശോധന നടത്തും. പുതുക്കാട് എസ്എച്ച്ഒ എസ്.പി. സുധീരന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.