മുണ്ടക്കയം: കിണറ്റിൽനിന്നു രക്ഷപ്പെടുത്തുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥനു പരിക്കേറ്റു.
പഴയപനയ്ക്കച്ചിറ മുണ്ടയ്ക്കൽ ത്രേസ്യാമ്മയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണു കാട്ടുപന്നി വീണത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം.
മോട്ടറിൽ വെള്ളം കയറാത്തതിനെത്തുടർന്നു നടത്തിയ തെരച്ചിലിലാണ് കാട്ടുപന്നി കിണറ്റിൽ വീണ നിലയിൽ കണ്ടത്. ഉടൻ തന്നെ വനം വകുപ്പിനെ വിവരം അറിയിച്ചു.
വനപാലകരും വനംവകുപ്പിന്റെ ആർആർ ടീമും സ്ഥലത്തെങ്കിലും കാട്ടുപന്നിയെ കരയ്ക്ക് കയറ്റാനായില്ല.തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്നു ഫയർഫോഴ്സിന്റെ സഹായം തേടി.
ഫയർഫോഴ്സ് സംഘമെത്തി പന്നിയെ കരയ്ക്ക് എടുക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. വലയിൽ നിന്നു കുതറി ഓടിയ കാട്ടുപന്നി ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം തൊട്ടടുത്ത വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിൻസ് രാജിനാണ് (32) പരിക്കേറ്റത്.
ഇടതുകാലിന്റെ മസിലിന് കുത്തേറ്റ ഇദ്ദേഹത്തെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടുപന്നിയുടെ ആക്രമണത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ബി. രാഹുൽ, കെ.എസ്. ഷാരോൺ എന്നിവർക്കും പരിക്കേറ്റെങ്കിലും ഗുരുതരമല്ല.