വെഞ്ഞാറമൂട് : കിണറ്റിൽവീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ ആൾ കിണറ്റിൽ കുടുങ്ങി. പൂച്ചയെ രക്ഷപ്പെടുത്താതെ കയറില്ലെന്ന് ഇയാൾ വാശി പിടിച്ചത് അഗ്നിരക്ഷാസേനയെ കുഴക്കി.
മണിക്കൂറുകൾ നീണ്ട അനുനയ ശ്രമങ്ങൾക്കൊടുവിൽ കിണറ്റിലിറങ്ങിയ യുവാവിനെയും പൂച്ചയേയും വലയുപയോഗിച്ച് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
മേലാറ്റ്മൂഴി കരിങ്കുറ്റിക്കര ഭാഗത്ത് ഞായറാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. കരിങ്കുറ്റിക്കര, കല്ലുവെട്ടാൻകുഴി വീട്ടിൽ ബിജു (40)വാണ് കിണറ്റിനുള്ളിൽ കുടുങ്ങിയത്.
സ്ഥലത്തെ പഞ്ചായത്ത് കിണറ്റിലാണ് പൂച്ച വീണത്. കിണറ്റിലിറങ്ങിയ ബിജു കുറേസമയംകഴിഞ്ഞും തിരികെ കയറിവരാത്തതിനെതുടർന്ന് സമീപത്തുണ്ടായിരുന്ന രണ്ടു പേർ കിണറ്റിലിറങ്ങി രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല.
തുടർന്ന് വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. സേനാംഗങ്ങൾ കിണറ്റിനുള്ളിലേക്ക് റോപ്പ് എറിഞ്ഞുകൊടുത്തശേഷം കയറിവരാൻ ആവശ്യപ്പെട്ടുവെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. കിണറ്റിനുള്ളിൽ പൂച്ചയെ തപ്പിനടക്കുകയായിരുന്നു ഇയാൾ.
തുടർന്ന് ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ അജീഷ് കുമാർ കിണറ്റിലേക്കിറങ്ങി മണിക്കൂറുകൾ നീണ്ട അനുനയ ശ്രമത്തിനിടെ ബിജുവിനെയും പൂച്ചയേയും വലയിൽകയറ്റി റോപ്പ് ഉപയോഗിച്ച് വലിച്ച് പുറത്തെത്തിക്കുകയായിരുന്നു.തുടർന്ന് ഇയാളെ നൂറ്റി എട്ട് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കേളേജ് ആശുപത്രിയിൽ എത്തിച്ചു.