തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സുപ്രധാനമായ പ്രോട്ടോക്കോൾ ഒാഫീസിൽ ഉണ്ടായ തീപിടിത്തം വിവാദമായതിനു പ്രധാന കാരണം തീപിടിത്ത തന്ത്രങ്ങൾ മുന്പും പലേടത്തും അരങ്ങേറിയിട്ടുണ്ടെന്ന ചരിത്രം.
ചെറിയ ഒാഫീസുകൾ മുതൽ ഉന്നതസ്ഥാപനങ്ങളിൽ വരെ ചെറുതും വലുതുമായ തീപിടിത്തങ്ങൾ നടക്കാറുണ്ട്. സ്ഥലതർക്കവും അഴിമതിക്കേസുമൊക്കെ നിലനിൽക്കുന്ന വില്ലേജ് ഒാഫീസുകൾ മുതലുള്ള സ്ഥലങ്ങളിൽ മുൻകാലങ്ങളിലും ഇങ്ങനെ തീപിടിത്തങ്ങൾ അരങ്ങേറിയിട്ടുണ്ട്.
തെളിവു നശിപ്പിക്കാനും കേസുകൾ ഇല്ലാതാക്കാനുമുള്ള എളുപ്പവഴികളായിട്ടാണ് ഇത്തരം ഈ തീപിടിത്തങ്ങളെ പലരും ഉപയോഗിച്ചിട്ടുള്ളത്. തീപിടിച്ചു പോയാൽ രേഖകൾ ഒരുതരത്തിലും വീണ്ടെടുക്കാൻ കഴിയില്ലെന്നതാണ് ഒാഫീസുകൾ തീവയ്ക്കാൻ പലരെയും പ്രേരിപ്പിച്ചിട്ടുള്ളത്.
മിക്കവാറും ഇത്തരം തീപിടിത്തങ്ങളുടെ ഉറവിടങ്ങൾ കണ്ടെത്താൻ കഴിയാറില്ല. ആരാണ് ഇതിനു പിന്നിലെന്നും കണ്ടെത്താറില്ല. ഷോർട്ട് സർക്യൂട്ടിന്റെ പ്രശ്നമായിട്ടാണ് ബഹുഭൂരിപക്ഷം തീപിടിത്തങ്ങളും അവസാനിക്കുന്നത്.
അതുകൊണ്ടുതന്നെ സ്വഭാവിക സംഭവമെന്ന മട്ടിൽ പിന്നീട് കാര്യമായ അന്വേഷണമോ പരിശോധനയോ നടക്കാറുമില്ല.സർക്കാർ ഒാഫീസുകളിലടക്കം ഡിജിറ്റൈസേഷൻ നടത്തിയിട്ടുണ്ടെങ്കിലും ഇനിയും കടലാസ് ഫയലുകളായി സൂക്ഷിക്കുന്ന സുപ്രധാന ഫയലുകളുണ്ട്.
ചോർന്നുപോകാൻ സാധ്യതയുള്ളതിനാലാണ് രഹസ്യമായി സൂക്ഷിക്കുന്ന ഫയലുകൾ കടലാസ് ഫയലുകളായി തന്നെ നിലനിർത്തുന്നത്. ഇപ്പോൾ തീപിടിത്തമുണ്ടായ ഒാഫീസിലെ പല രേഖകളും കടലാസ് ഫയലുകളായി സൂക്ഷിച്ചിട്ടുണ്ടെന്നതാണ് സംഭവത്തെ കൂടുതൽ വിവാദത്തിലാക്കുന്നത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ആവശ്യമുള്ള ചില പ്രധാന രേഖകളും ഇവടെയുണ്ട് എന്നതാണ് തീപിടിത്തത്തെ ആസൂത്രിതമെന്നു പ്രതിപക്ഷം വിശേഷിപ്പിക്കാൻ കാരണം. ഫയലുകളൊന്നും കാര്യമായി നഷ്ടമായിട്ടില്ല എന്നു പറഞ്ഞു പ്രതിരോധിക്കാനാണ് സർക്കാർ അനുകൂലികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
എൻഐഎ അന്വേഷണത്തിനു സാധ്യത
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തെ കുറിച്ച് എൻഐഎ അന്വേഷണത്തിനു സാധ്യത. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ തേടുന്ന രേഖകൾ സൂക്ഷിച്ചിരിക്കുന്ന ഓഫീസിലുണ്ടായ തീപിടിത്തം അതീവ ഗൗരവകരമായാണ് എൻഐഎ കാണുന്നത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രോട്ടോക്കോൾ ഓഫീസറോടു ചില രേഖകൾ ആവശ്യപ്പെട്ടിരുന്നു. ലഭ്യമായ വിവരങ്ങൾ എൻഫോഴ്സ്മെന്റിന് നൽകിയെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചിട്ടുള്ളത്. ഫയലുകൾ നശിപ്പിക്കാനുള്ള അട്ടിമറി ശ്രമമാണോ നടന്നത് എന്നതായിരിക്കും എൻഐഎ കൂടുതലായും പരിശോധിക്കുക.
എന്തൊക്കെ വിവരങ്ങൾ നഷ്ടപ്പെട്ടു, തീപിടിക്കാനുള്ള കാരണം, നഷ്ടപ്പെട്ട ഫയലുകൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട സൂചനകൾ നൽകുന്നതാണോ തുടങ്ങിയ കാര്യങ്ങളും എൻഐഎ പരിശോധിച്ചേക്കും.
കത്തി നശിച്ചത് പ്രധാനപ്പെട്ട ഫയലുകളാണെന്നും ഇതിനൊന്നും ബാക്കപ്പ് ഡാറ്റ ഇല്ലെന്നും സ്ഥലം സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. പൊളിറ്റിക്കൽ 2A, 2B പൊളിറ്റിക്കൽ 5 എന്നീ സെക്ഷനുകളിലാണ് തീപിടിത്തമുണ്ടായത് എന്നാണ് ഉദ്യോഗസ്ഥര് നേരിട്ട് അറിയിച്ചതെന്ന് പ്രതിപക്ഷ പ്രതിനിധികൾ പറഞ്ഞു.
വിഐപികളായി പ്രഖ്യാപിക്കാതെ തന്നെ സര്ക്കാര് പരിഗണിക്കുന്ന വിഐപികളുമായി ബന്ധപ്പെട്ട ഫയലുകൾ മന്ത്രിമാരുടെ വിദേശ യാത്രകളുമായി ബന്ധപ്പെട്ട ഫയലുകൾ എന്നിവ സൂക്ഷിച്ചിടത്താണ് തീപിടിത്തം ഉണ്ടായതെന്ന തെളിവുകൾ നശിപ്പിക്കാനായി തീപിടിത്തം മനപൂർവം ഉണ്ടാക്കിയതെന്നാണ് പ്രതിപക്ഷനേതാക്കൾ പറയുന്നത്.
അതേസമയം തീപിടിത്തത്തെക്കുറിച്ച് സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. എസ്പി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. ഫൊറൻസിക് സംഘവും സെക്രട്ടറിയേറ്റിലെ പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.