സ്വന്തംലേഖകന്‍
കോഴിക്കോട്: ബഹുനില കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഫയര്‍ഫോഴ്സ് വീണ്ടും പരിശോധന നടത്തുന്നു. ലോക്ക്ഡൗണിന് ശേഷം തുറന്നു പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കെയാണ് ഫയര്‍ഫോഴ്സ് പരിശോധന നടത്തുന്നത്.
കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ കോഴിക്കോട് നഗരത്തിലെ കെട്ടിടം പ്രവര്‍ത്തിക്കുന്നത് ഫയര്‍ഫോഴ്സിന്റെ എന്‍ഒസി പുതുക്കാതെയാണ്. സമാനമായ രീതിയില്‍ നിരവധി കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെ കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വന്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ എല്ലാ കെട്ടിടങ്ങളുടെയും സുരക്ഷ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഫയര്‍ഫോഴ്സിന് കത്ത് നല്‍കിയിട്ടുണ്ട്.
ബഹുനില കെട്ടിടങ്ങള്‍ അഗ്നിരക്ഷാ സേനയുടെ എന്‍ഒസി പുതുക്കാത്തത് വലിയ ഭീഷണിയാണുയര്‍ത്തുന്നത്. ഓരോ വര്‍ഷവും കെട്ടിടയുടമ തന്നെ എന്‍ഒസി പുതുക്കേണ്ടതാണ്. 15 മീറ്ററിനു മുകളില്‍ ഉയരമുള്ള കെട്ടിടങ്ങള്‍ക്കാണ് ഫയര്‍ എന്‍ഒസി ആവശ്യമായുള്ളത്.
ആദ്യ അനുമതി ലഭിച്ച് കഴിഞ്ഞാലാണ് കെട്ടിട നമ്പര്‍ ലഭിക്കുക. ഇപ്രകാരം കെട്ടിട നമ്പര്‍ വാങ്ങിയാല്‍ പിന്നീട് കെട്ടിടയുടമകള്‍ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ലംഘിക്കുന്ന അവസ്ഥയാണുള്ളത്.
ഫയര്‍ഫോഴ്സ് ഫയര്‍ ഓഡിറ്റ് നടത്തുന്നതിലൂടെയാണ് എന്‍ഒസി പുതുക്കാതെ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള കെട്ടിടങ്ങളെ കണ്ടെത്തുന്നത്. ഫയര്‍ ഓഡിറ്റ് ചെയ്ത് കെട്ടിടയുടമയ്ക്ക് നോട്ടീസ് നല്കി ഇക്കാര്യം അതത് തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് റിപ്പോര്‍ട്ടായി ഫയര്‍ഫോഴ്സ് കൈമാറും.
എന്നാല്‍ നോട്ടീസ് നല്കിയാലും കെട്ടിട ഉടമകള്‍ അത് പൂര്‍ണമായും നടപ്പാക്കുന്നില്ല. അഗ്നിരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കെട്ടിടങ്ങള്‍ പൂട്ടിക്കാനോ കേസെടുക്കാനോ ഫയര്‍ഫോഴ്സിന് അധികാരമില്ല. അതിനാല്‍ തുടര്‍നടപടികള്‍ക്കായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് പതിവ്.
കെട്ടിടങ്ങളില്‍ പകുതിലേറെയും പ്രവര്‍ത്തിക്കുന്നത് അഗ്നിശമന ഉപകരണങ്ങള്‍ പോലുമില്ലാതെയാണ്. ഒരു കെട്ടിടത്തിന് ഫയര്‍ഫോഴ്സിന്റെ എന്‍ഒസി നല്കണമെങ്കില് ഫയര്‍ ഫൈറ്റിങ് സിസ്റ്റം, സ്മോക് എക്സാട്രാക്ഷന് , സ്മോക് ഡിറ്റക്ഷന്‍ , ഫയര്‍ സപ്രസന് സിസ്റ്റം എന്നീ കാര്യങ്ങള്‍ സ്ഥാപിക്കണം.
ചെലവ് കൂടുതലായതിനാല്‍ പല കെട്ടിടങ്ങളിലും പ്രാഥമിക പരിശോധനാ വേളയില്‍ ഇവ താത്കാലികമായി കാണിച്ച് പിന്നീട് എടുത്തു മാറ്റുന്ന രീതിയാണ് സ്വീകരിച്ച് വരുന്നത്.
ഇവ ഘടിപ്പിക്കുന്നവര്‍ അതു പിന്നീട് കൃത്യമായി പ്രവര്‍ത്തിക്കാറുണ്ടോ എന്ന് പരിശോധിക്കാറുമില്ല. 16 മീറ്ററോ അതിലധികമോ ഉയരമുള്ള കെട്ടിടങ്ങളെ ഉയരം കൂടിയ കെട്ടിടം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഇവയ്ക്ക് വെറ്റ് റൈസര്‍ സംവിധാനം, ഫയര്‍ സ്പ്രിംഗ്ലര്‍ സിസ്റ്റം, വാട്ടര്‍ സ്റ്റോറേജ്, ഹോസ് റീല്‍ സംവിധാനം, ഓട്ടോമാറ്റിക് ഡിറ്റക്ഷന്‍ ആന്‍ഡ് അലാറം സിസ്റ്റം, മാനുവല്‍ ഫയര്‍ അലാറം എന്നീ സംവിധാനങ്ങള്‍ വേണം എന്നാണ് ചട്ടം.
എന്നാല്‍ ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് പ്രവര്‍ത്തനം. വാഹനങ്ങള്‍ കടന്നുചെല്ലാന്‍ കഴിയുന്ന കെട്ടിടങ്ങളിലേക്ക് ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ കടന്നുചെല്ലാന്‍ സാധിക്കണം. എന്നാല്‍ ഇതിന് സാധിക്കാത്ത കെട്ടിടങ്ങള്‍ നഗരത്തില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.