പിഎസ് സി ഓഫീസിലേക്ക് അഭിമുഖത്തിന് പോകുന്നതിനിടെ അപകടത്തിൽ പരിക്കേറ്റ നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശി ഗ്രീഷ്മയ്ക്ക് രക്ഷകരായി അഗ്നി രക്ഷാസേന. സമയോചിതമായ സേനയുടെ ഇടപെടൽ മൂലം യുവതിക്ക് കൃത്യസമയത്തു തന്നെ അഭിമുഖത്തിന് ഹാജരാകാൻ കഴിഞ്ഞു.
യുവതിയെ അപകടം ഉണ്ടായ ശേഷം ആശുപത്രിയിലാക്കുകയും അവിടെനിന്ന് മിനിറ്റുകൾക്കുള്ളിൽ പിഎസ്സി ഓഫീസിലേക്കും അഗ്നി രക്ഷാസേന ആംബുലൻസിൽ എത്തിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ മ്യൂസിയം വകുപ്പിലെ ബയോളജിസ്റ്റ് തസ്തികയിലേക്കായിരുന്നു യുവതി അഭിമുഖത്തിനായി പുറപ്പെട്ടത്. സ്കൂട്ടറിലായിരുന്നു യുവതിയുടെ യാത്ര. പട്ടം പി എസ് സി ആസ്ഥാനത്തേക്ക് പോകുന്ന വഴി ഹൗസിങ് ബോർഡ് ജംഗ്ഷനിൽ വച്ച് കാറുമായി യുവതിയുടെ സ്കൂട്ടർ കൂട്ടിയിടിച്ച് അപകടം ഉണ്ടാവുകയായിരുന്നു.
അപകടശേഷം അഗ്നിരക്ഷാസേനയുടെ ആംബുംലൻസിലാണ് യുവതിയെ ജനറൽ ആശുപത്രിയിലെത്തിച്ചത്. അപ്പോഴാണ് യുവതി അഭിമുഖത്തിനു പോകുന്ന വഴിയാണെന്ന് ഉദ്യോഗസ്ഥർ അറിഞ്ഞത്. യുവതിയുടെ കാലിനാണ് പരിക്കുപറ്റിയത്. അത് കാരണം അവർക്ക് നടക്കാൻ നന്നേ ബുദ്ധിമുട്ടുണ്ടായിരുന്നു. ഒരാളുടെ ജോലിയുടെ കാര്യമായതിനാൽ അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ തന്നെ ഗ്രീഷ്മയെ പി എസ്സി ഓഫീസിൽ എത്തിക്കുകയായിരുന്നു.