തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്നലെ നടന്ന ഘോഷയാത്രയിൽ ഫയർ ആന്റ് റെസ്ക്യു വിഭാഗം തയറാക്കിയ ഫ്ലോട്ടിന് ആധാരമായത് രാഷ്ട്രദീപിക പ്രസിദ്ധീകരിച്ച ചിത്രം. 2018-ലെ പ്രളയത്തെ തുടർന്ന് ദുരന്തമുഖത്ത് നടന്ന രക്ഷാപ്രവർത്തനം സംബന്ധിച്ച് രാഷ്ട്രദീപിക പ്രസിദ്ധീകരിച്ച ചിത്രമാണ് ഫ്ളോട്ടിന് ആധാരമായത്.
അടിമാലിയിലുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ട കുട്ടിയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രക്ഷിക്കാൻ ശ്രമിക്കുന്ന ചിത്രം 2018 ആഗസ്റ്റ് 9 ന് രാഷ്ട്രദീപികയിൽ പ്രസിദ്ധീകരിച്ചിരുന്നു. രാഷ്ട്രദീപിക ഫോട്ടോ ഗ്രാഫർ ബിബിൻ സേവ്യർ ആണ് ഈ ചിത്രമെടുത്തത്. ഈ ചിത്രത്തെ ആസ്പദമാക്കി ഫ്ളോട്ട് തയ്യാറാക്കാൻ ഫയർ ആന്റ് റെസ്ക്യു വിഭാഗം തീരുമാനിക്കുകയായിരുന്നു.