കോട്ടയം: വേനൽ കടുത്തതോടെ നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും മനസിൽ തീയാണ്. വേനൽ ചൂടിൽ നാട് ചുട്ടുപൊള്ളാൻ തുടങ്ങിയതോടെ തീപിടിത്തങ്ങളുടെ എണ്ണവും വർധിച്ചിരിക്കുകയാണ്.
വല്ലപ്പോഴും ഫയർഫോഴ്സിന് എത്തിയിരുന്ന ഫയർകോളുകൾ ഇപ്പോൾ ദിവസം നാലും അഞ്ചും ആയി വർധിച്ചിരിക്കുന്നു. ചില ദിവസങ്ങളിൽ തീയണച്ച് ഫയർ ഫോഴ്സ് അംഗങ്ങൾ ഓടി കിതയ്ക്കുകയാണ്.
മുന്പ് കോവിഡ് വ്യാപന പ്രദേശങ്ങളിൽ ഫയർഫോഴ്സിന് ഡ്യൂട്ടിയുണ്ടായിരുന്നു. ശുചീകരണ പ്രവർത്തനങ്ങളായിരുന്നു സേന നടത്തിയിരുന്നത്. ഇപ്പോൾ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോവിഡ് മഹാമാരിയുടെ മൂന്നാം ഘട്ടത്തിൽ ജില്ലയിലെ എട്ടു ഫയർസ്റ്റേഷനുകളിലും ജീവനക്കാർ കോവിഡ് ഭീതിയിലാണ്. നിലവിൽ 15 പേർ കോവിഡ് ബാധിതരാണ്.
അഞ്ചോളം പേർ ക്വാറന്റൈനിലുമാണ്. കോവിഡ് വ്യാപനം രൂക്ഷമായാൽ ഫയർ ഫോഴ്സിന്റെ പ്രവർത്തനം അവതാളത്തിലാകും. നിലവിൽ ഒരു സ്റ്റേഷന്റെയും പ്രവർത്തനം ഇതുവരെയും തടസപ്പെട്ടിട്ടില്ല.
ജില്ലയിൽ ആകെ എട്ടു ഫയർ സ്റ്റേഷനുകളാണുള്ളത്. വേനൽകാലത്തിനു മുന്പ് ജില്ലയിൽ എട്ടു സ്റ്റേഷനുകളിലായി ശരാശരി ഒന്നോ രണ്ടോ തീപിടിത്തമേ ഉണ്ടാകാറുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ശരാരശരി 16 തീപിടിത്തങ്ങളാണ് ദിവസവും ഉണ്ടാകുന്നത്.
ചെറിയ മാലിന്യ കൂന്പാരത്തിനു തീപിടിക്കുന്നതു മുതൽ വലിയ തീപിടിത്തം വരെയുണ്ട് എന്നും. ഏറ്റവും ഒടുവിലായി നാഗന്പടത്ത് പുസ്തക കടയ്ക്കു സമീപവും മെഡിക്കൽ കോളജിലും പാന്പാടി റബ്കോ ഫാക്്ടറിയിലുമുണ്ടായ തീപിടിത്തങ്ങളാണ് വലുത്.
വീട്, പറന്പ്, വയൽ, മാലിന്യ കൂന്പാരം എന്നിവിടങ്ങളിലാണ് വേനൽക്കാലത്ത് തീപിടിത്തം ഏറുന്നത്. ഇലകൾ വീണു കരിഞ്ഞുണങ്ങിയ പറന്പുകളിൽ ചെറിയ ഒരു തീപ്പൊരി വീണാൽ മതി പ്രദേശം ആളിക്കത്തും.
മലയേര മേഖലയിൽ കാട്ടുതീയാണ് പേടി. രണ്ടു വർഷം മുന്പാണ് മേലുകാവിൽ ഏക്കറുകണക്കിനു ഭൂമി കാട്ടുതീ വിഴുങ്ങിയത്.തീയണയ്ക്കാനുള്ള വെളളം ശേഖരണം വേനൽ കടുത്തതോടെ ഫയർഫോഴ്സിനും ദുരിതമായി.
നിലവിൽ പാന്പാടി, കാഞ്ഞിരപ്പള്ളി, പാലാ എന്നിവിടങ്ങളിൽ വെള്ളത്തിനു ക്ഷാമമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ വെള്ളം ലഭ്യമാക്കുന്നതിനായി വാട്ടർ അതോറിട്ടിയുമായി ധാരണയുണ്ടാക്കിയിരിക്കുകയാണ് ഫയർഫോഴ്സ് അധികൃതർ.
വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ മുടങ്ങുന്നു
ചങ്ങനാശേരി: ആഭ്യന്ത വകുപ്പിന്റെ കീഴിലുള്ള ഫയർ ഫോഴ്സിന് പണം അനുവദിക്കുന്നതിൽ സർക്കാർ പിശുക്ക് കാട്ടുന്നു. വാഹനങ്ങളുടെ അറ്റകുറ്റ പണികൾ മുടങ്ങുന്നു.
ഇന്ധനം നിറയ്ക്കലും പ്രതിസന്ധിയിൽ. തീ കത്തൽ, വെള്ളപ്പൊക്കം, അപകടം തുടങ്ങിയ അത്യാഹിത സംഭവങ്ങളിൽ രക്ഷാപ്രവർത്തനം നടത്തേണ്ട ഫയർഫോഴ്സിന്റെ പ്രവർത്തനമാണ് ദുരിതമായി തുടരുന്നത്.
ജില്ലയിലെ എട്ടു ഫയർ സ്റ്റേഷനുകളിലെ നിരവധി വാഹനങ്ങളാണ് അറ്റകുറ്റ പണികൾ മുടങ്ങി കിടക്കുന്നത്. വിവിധ സ്റ്റേഷനുകളിലെ വാഹനങ്ങൾ ഇന്ധനം നിറച്ച ഇനത്തിൽ പെട്രോൾ പന്പുകളിൽ ലക്ഷക്കണക്കിനു രൂപയാണ് നൽകാനുള്ളത്.
പെട്രോളിനും ഡീസലിനും ഉണ്ടായ വില വർധനവും ഫയർഫോഴ്സിനെ വലയ്ക്കുന്നുണ്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഫയർസ്റ്റേഷനുകളിൽ നിന്നുള്ള ഫയർ എൻജിനടക്കമുള്ള വാഹനങ്ങളുടെ അറ്റകുറ്റ പണികൾ നടത്തുന്നത് കുഴിമറ്റത്തുള്ള സർക്കാർ അംഗീകൃത വർക്ക് ഷോപ്പിലാണ്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തിയ ഇനത്തിൽ ഈ വർക്ക്ഷോപ്പിൽ ലക്ഷക്കണക്കിനു രൂപ നൽകാനുള്ളതായും ഫയർ സ്റ്റേഷൻ വകുപ്പ് അധികൃതർ പറയുന്നു.
പലപ്പോഴും ഫയർ സ്റ്റേഷൻ ഓഫീസർമാർ കൈയിൽ നിന്നും പണം എടുത്താണ് വാഹനങ്ങളുടെ അറ്റകുറ്റ പണികൾ നടത്തുന്നതും ഇന്ധനം നിറക്കുന്നതും. ഈ തുക പോലും മാസങ്ങൾ കഴിഞ്ഞാണ് കേന്ദ്ര ഓഫീസിൽ നിന്നും ലഭ്യമാകുന്നത്.