പത്തനംതിട്ട: വേനലവധിക്കാലത്ത് ബന്ധുവീടുകളിലും മറ്റു സ്ഥലങ്ങളിലും പോകുന്ന കുട്ടികൾ ജലാശയങ്ങളിൽ ഇറങ്ങുന്പോൾ ശ്രദ്ധിക്കണമെന്ന് അഗ്നിരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. പാറമടകളിൽ നല്ലതുപോലെ നീന്തൽ വശമില്ലാത്തവർ ഇറങ്ങരുത്. നീന്തൽ അറിയുന്നവർ പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങരുത്. ഒഴുക്കുള്ള തോടുകൾ, ആഴമറിയാത്ത ജലാശയങ്ങൾ, എപ്പോൾ വേണമെങ്കിലും ജലനിരപ്പ് ഉയരാവുന്ന കനാലുകൾ, കരിങ്കൽ ക്വാറികൾ എന്നിവിടങ്ങളിൽ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം.
നീന്തൽ, മുങ്ങൽ നല്ലപോലെ വശമില്ലാത്തവർ ജലാശയങ്ങളിൽ അശ്രദ്ധമായി ഇറങ്ങരുത്. നീന്തൽ വശമില്ലാത്തവരോടൊപ്പം കുട്ടികളെ ജലാശയങ്ങളിൽ ഇറങ്ങാൻ അനുവദിക്കരുത്.അപസ്മാര ബാധയോ ശ്വാസകോശ രോഗങ്ങളോ ഉള്ളവരെ വെള്ളത്തിൽ ഇറങ്ങാൻ ഒരുകാരണവശാലും അനുവദിക്കരുത്.
ആഴമില്ലാത്ത സ്ഥലങ്ങളിൽ പോലും മത്സരിച്ച് നീന്തുകയോ കുളിക്കുകയോ ചെയ്യരുത്. ശരീരം തളർന്ന് അപകടത്തിൽപെടാൻ സാധ്യതയുണ്ട്.ദൃശ്യമാധ്യമങ്ങളിലെ സാഹസിക രംഗങ്ങൾ അഭിനയിക്കുന്നതിനായി കൈകാലുകൾ ബന്ധിച്ചോ മുഖം മറച്ചോ ഉള്ള അഭ്യാസങ്ങൾ ജലാശയങ്ങളിൽ നടത്തരുത്. വൈദ്യുതി ഉപയോഗിച്ച് മീൻപിടിക്കാൻ ശ്രമിക്കരുത്. ഈർപ്പമുള്ള സ്ഥലങ്ങളിൽ തറയിലൂടെ വൈദ്യുതി കടന്നുവരാൻ സാധ്യതയുണ്ട്.
ബന്ധുഗൃഹങ്ങളിൽ അവധിക്കാലം ആഘോഷിക്കുന്പോൾ സമീപത്തെ അപരിചിതമായ ജലാശയങ്ങളിൽ ഇറങ്ങരുത്. ലഹരിവസ്തുക്കൾ ഉപയോഗിച്ചശേഷം ജലാശയങ്ങളിൽ കുളിക്കാനോ നീന്താനോ പാടില്ല. മുങ്ങിപ്പോയ ആളെ പുറത്തെടുത്ത ഉടൻ തല ചരിച്ച് കിടത്തി വയർ ഭാഗത്ത് അമർത്തി ഉള്ളിലുള്ള ജലം പുറത്ത് കളയണം.
ഉടൻ കൃത്രിമശ്വാസം നല്കണം. തീപിടുത്തമുൾപ്പെടെയുള്ള അപകടങ്ങൾ ഉണ്ടാകുന്പോൾ ഉടൻ 101 ൽ വിളിച്ച് അഗ്നിരക്ഷാ വകുപ്പിനെ അറിയിക്കണം. ഫയർ ഫോഴ്സിനെ വിളിക്കുന്പോൾ അപകട സ്ഥലത്ത് എത്തിച്ചേരുന്നതിനുള്ള വഴി വ്യക്തവും കൃത്യവുമായി നല്കണം. അപരിചിതരായവരെ ജലാശയങ്ങൾക്ക് സമീപം കണ്ടാൽ പരിസരവാസികൾ പ്രത്യേകം ശ്രദ്ധിക്കണം.
വല, കയർ എന്നിങ്ങനെയുള്ള വസ്തുക്കളുപയോഗിച്ച് ജലാശയങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കണം. കടത്തുവള്ളങ്ങളിൽ ഉൾക്കൊള്ളാവുന്ന ആളുകളെ മാത്രമേ കയാറ്റാവൂ. നല്ല പരിചയമുള്ളവരാണ് തുഴയുന്നതെന്ന് ഉറപ്പാക്കണം. കടത്തുവള്ളങ്ങളിൽ ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ് എന്നിവ കരുതണം. നീന്തൽ അറിയാത്തവർ ലൈഫ് ജാക്കറ്റ് ധരിച്ച് മാത്രം വള്ളത്തിൽ യാത്ര ചെയ്യുക. ആൾമറയില്ലാത്ത കിണറുകളിൽ ആൾമറ സ്ഥാപിക്കുന്നെന്ന് ഉറപ്പുവരുത്തണം.