ആലപ്പുഴ: മതിയായ സുരക്ഷയില്ലാതെ ജില്ലയിൽ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ ഫയർഫോഴ്സ് അധികൃതർ നടത്തിയ ഫയർ ഓഡിറ്റിംഗിനെ തുടർന്ന് നൽകിയ മുന്നറിയിപ്പിന് പുല്ലുവില. നോട്ടീസ് ലഭിച്ച നൂറിലധികം കെട്ടിടങ്ങളിൽ ഭൂരിഭാഗത്തിലും പോരായ്മകൾ പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് ആക്ഷേപം. എറണാകുളത്ത് സമീപകാലത്തുണ്ടായ തീപിടുത്തത്തെ തുടർന്നാണ് ജില്ലയിൽ ഫയർ ഓഡിറ്റിംഗ് നടത്തിയത്.
അരൂർ, ചേർത്തല, ആലപ്പുഴ, തകഴി, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ ഫയർ സ്റ്റേഷനുകളുടെ പരിധിയിലുള്ള കെട്ടിടങ്ങളിലായിരുന്നു പരിശോധന. ബഹുനില കെട്ടിടങ്ങൾക്ക് ആവശ്യമായ സുരക്ഷാ മാർഗങ്ങൾ ഇല്ലാത്തവയ്ക്കാണ് നോട്ടീസ് നൽകിയതും. 15 ദിവസത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ കെട്ടിട ഉടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ കളക്ടർക്കും തദ്ദേശ ഭരണ അധികൃതർക്കും റിപ്പോർട്ട് നൽകുമെന്നുമായിരുന്നു ഫയർഫോഴ്സ് നൽകിയ നോട്ടീസിൽ ഉണ്ടായിരുന്നത്.
എന്നാൽ നിയമപരമായി നടപടി എടുക്കാൻ ഫയർഫോഴ്സിന് അധികാരമില്ലെന്ന നിലപാടിലാണ് ഉടമകൾ. കെട്ടിട നിർമാണ ചട്ടം പാലിക്കാത്ത ഉടമയ്ക്ക് എതിരെ നടപടി സ്വീകരിക്കാൻ അധികാരം ത്രിതല സമിതികൾക്കാണ്. ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകേണ്ടത് ഫയർഫോഴ്സുമാണ്. നോട്ടീസ് പ്രകാരം സുരക്ഷാ സംവിധാനം ഒരുക്കി 15 ദിവസത്തിനുള്ളിൽ എൻഒസി വാങ്ങണം.
അല്ലെങ്കിൽ കെട്ടിടങ്ങൾക്കും അതിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന നഷ്ടത്തിന് ഇൻഷ്വുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യം ലഭിക്കില്ല. കെട്ടിട ഉടമകൾക്ക് എതിരെ നിയമ നടപടിക്ക് ശുപാർശ ചെയ്യാനാകുമെന്നും ഫയർഫോഴ്സ് അധികൃതർ പറയുന്നു.ദുരന്തങ്ങൾ ഉണ്ടാവുന്പോൾ വേണ്ടവിധം ഇടപെടാൻ അശാസ്ത്രീയ കെട്ടിടനിർമാണ രീതി മൂലം കഴിയാറില്ലെന്നു പറയുന്നു.
ഫയർഫോഴ്സ് വാഹനങ്ങൾ കന്നുചെല്ലാനുള്ള സ്ഥലം ഉറപ്പായും വേണ്ടിടത്ത് നടന്നു ചെല്ലാൻ പോലും ഇടമില്ലാത്ത സ്ഥിതിയാണ് ആലപ്പുഴ നഗരത്തിലെ പല കെട്ടിടങ്ങളിലും. തീ പിടിത്തം നിയന്ത്രിക്കാൻ ആവശ്യമായ ഉപകരണങ്ങളുണ്ടോയെന്നതും ഫയർഫോഴ്സിന്റെ വാഹനം എത്താനുള്ള സൗകര്യമുണ്ടോയെന്നതും കെട്ടിടത്തിലെ അനധികൃത നിർമാണങ്ങൾ സംബന്ധിച്ച വിവരങ്ങളും ജലസംഭരണിയുണ്ടോയെന്നതുമാണ് ഫയർ ഓഡിറ്റിംഗിൽ പ്രധാനമായും പരിശോധിച്ചത്.
ഇരുനില കെട്ടിടങ്ങളുടെ തൊട്ടടുത്തുവരെ ഫയർഫോഴ്സിന്റെ വാഹനം എത്താനുള്ള സൗകര്യം നിർബന്ധമാണ്. പഴയ കെട്ടിടങ്ങളിലും അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അഗ്നിസുരക്ഷാ മാനദണ്ഡം പരിശോധിച്ച് ഫയർഫോഴ്സ് ജില്ലാ ഓഫീസർ നൽകുന്ന എൻഒസി ഉണ്ടെങ്കിൽ മാത്രമേ കെട്ടിടത്തിന് നന്പർ നൽകാനും നികുതി ഈടാക്കാനുമാവൂ എന്നാണ് ചട്ടം. രാഷ്ട്രീയ സ്വാധീനത്താൽ ഇതുപലതും മറികടക്കുന്നുവെന്നതാണ് പരസ്യമായ രഹസ്യം.