കുഞ്ഞുങ്ങളുടെ വികൃതികൾ ചില സമയങ്ങളിൽ മാതാപിതാക്കൾക്ക് എട്ടിന്റെ പണി നൽകാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് കാഞ്ഞിരപ്പള്ളിയിൽ നടന്നത്. രണ്ട് വയസുകാരി മുറിക്കുള്ളിൽ കയറി വാതിലടച്ച് സുഖമായി കിടന്നുറങ്ങി.
മുറിയിലേക്ക് പോയ കുഞ്ഞിനെ ദീർഘനേരമായിട്ടും കാണാതെ വന്നതോടെ പരിഭ്രാന്തരായ മാതാപിതാക്കൾ മുറിയിലേക്ക് പോയി. എന്നാൽ മുറിയുടെ വാതിൽ തുറക്കാൻ സാധിക്കുന്നില്ല. കുഞ്ഞ് അകത്തു നിന്നും മുറി പൂട്ടിയിരുന്നു. എത്രശ്രമിച്ചിട്ടും മാതാപിതാക്കൾക്ക് വാതിൽ തുറക്കാനായില്ല.
കുഞ്ഞിനെ വിളിച്ച് നോക്കിയിട്ടും അകത്തു നിന്നും യാതൊരു അനക്കവും കേട്ടതുമില്ല. ജനാലയിൽ കർട്ടൻ കിടക്കുന്നതു കാരണം അകത്തുള്ളത് കാണാനും സാധിക്കുന്നില്ലായിരുന്നു. കുട്ടിയുടെ പിതാവ് ഉടൻ തന്നെ ഫയർഫോഴ്സ് ഓഫീസിൽ നേരിട്ടെത്തി കാര്യം ധരിപ്പിച്ചു.
ഫയർഫോഴ്സ് എത്തി പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോൾ കണ്ട കാഴ്ച എല്ലാവരിലും ചിരി പടർത്തി. പ്രശ്നം എല്ലാം ചെയ്ത് വച്ചിട്ട് രണ്ടു വയസുകാരി കുറുന്പി സുഖമായി കട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു. ആശാട്ടി ഇതൊന്നും അറിയാതെ സുഖനിദ്രയിലായിരുന്നു. കുഞ്ഞിന്റെ അമ്മ വന്ന് വിളിച്ചപ്പോഴാണ് അവൾ കണ്ണ് തുറന്നത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നൗഫൽ പി.എ, ആനന്ദ് വിജയ്, എം. കെ സജുമോൻ, അരവിന്ദ് എസ്. എസ്, ശരത്ചന്ദ്രൻ എന്നിവരായിരുന്നു ഫയർഫോഴ്സ് സംഘത്തിലുണ്ടായിരുന്നത്.