ഹരുണി സുരേഷ്
വൈപ്പിൻ: അഞ്ചു സെന്റ് ഭൂമിയിൽ ഓടുമേഞ്ഞതും പാഴടഞ്ഞതുമായ കെട്ടിടത്തിലെ മൂന്ന് കുടുസുമുറിയും മുറ്റത്ത് രണ്ട് പന്തലും ഒരു തുക്കടാ ബോർഡും. ഇതാണ് കൊച്ചിനഗരത്തിന്റെ ഉപഗ്രഹനഗരമായി വളർന്നുകൊണ്ടിരിക്കുന്ന വൈപ്പിൻകരയിലെ ഏക അഗ്നിരക്ഷാനിലയം. എളങ്കുന്നപ്പുഴ പഞ്ചായത്താഫീസിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം കണ്ടാൽ ആളുകൾ തലയിൽ കൈവെച്ചുപോകും.
കാരണം, ഇമ്മാതിരി ഒരു ഫയർ സ്റ്റേഷൻ ഒരുനാട്ടിലും കണ്ടിട്ടുണ്ടാവില്ല. ഇവിടത്തെ പരിമിതികളുടെ പട്ടികകൂടി പരിശോധിച്ചാൽ മൂക്കത്തും വിരൽവെക്കും. 25 പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ആവശ്യത്തിന ശുചിമുറി സൗകര്യമില്ല.
തീരെ പരിമിതമായ സൗകര്യം മാത്രമായതിനാൽ പഞ്ചായത്താഫീസിലെ ശുചിമുറികളാണ് പലപ്പോഴും ഫയർമാൻമാർക്കും മറ്റും ആശ്രയം. അതേ പോലെ കുടിവെള്ള കണക്ഷൻ ഇതുവരെ ലഭിച്ചിട്ടില്ല. കെട്ടിടം സ്വന്തം പേരിലല്ലാത്തതിനാൽ കുടിവെള്ള കണക്ഷനു അപേക്ഷ വെച്ചിട്ട് അധികൃതർ നിരസിക്കുകയാണത്രേ. പിന്നെ വെള്ളകെട്ടിന്റെ കാര്യം പറയേ വേണ്ട.
ഒരു മഴപെയ്താൽ മുറ്റം മുഴുവൻ പുഴയാകും. അത്രക്ക് വെള്ളക്കെട്ടാണിവിടെ. രണ്ട് ഫയർ യൂണിറ്റുകളും സ്കൂബാ ഡൈവിംഗ് യൂണിറ്റും ഉള്ള ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം തീരെ കുറവുമാണ്. മൂന്ന് വർഷം മുന്പ് യുഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിനു മുന്പായി അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇവിടെ അഗ്നിരക്ഷാനിലയം അനുവദിച്ചത്.
അധികാരത്തിൽ നിന്നും പോകുന്ന പോക്കിനു തട്ടിക്കൂട്ടിയുണ്ടാക്കിയ സ്റ്റേഷന്റെ ഉദ്ഘാടനവും നടത്തി. അഗ്നിരക്ഷാ നിലയത്തിനായി കെട്ടിടം പണിയാൻ ആദ്യം സ്ഥലം കണ്ടെത്തിയത് പുതുവൈപ്പ് ലൈറ്റ് ഹൗസ് ഭാഗത്തായിരുന്നു. എന്നാൽ ഇത് മത്സ്യതൊഴിലാളികൾക്ക് അസൗകര്യം ഉണ്ടാക്കുമെന്നതിനാൽ ഉപേക്ഷിച്ചു.
ഇതേ തുടർന്നാണ് താൽകാലികമായി ഒരു സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള പാഴടഞ്ഞ കെട്ടിടം അറ്റകുറ്റ പണികൾ നടത്തിയെടുത്തത്. പിന്നീട് പഞ്ചായത്ത് സ്ഥലം കണ്ടെത്തി നൽകാമെന്ന വ്യവസ്ഥയിലായിരുന്നു ഈ താൽകാലിക സംവിധാനം. എന്നാൽ നാളിതുവരെയായിട്ടും പഞ്ചായത്ത് സ്ഥലം കണ്ടെത്തുകയോ പുതിയ കെട്ടിടം നിർമിക്കുകയോ ചെയ്തിട്ടില്ല.