മാവേലിക്കര: നഗരത്തിലെ തുണിക്കടയ്ക്ക് തീപിടിച്ചെന്ന് വ്യാജ ഫോണ് സന്ദേശത്തെ തുടർന്ന് മാവേലിക്കരയിൽ ഫയർ ഫോഴ്സ് വലഞ്ഞത് രണ്ട് മണിക്കൂർ.
നഗരം മുഴുവൻ രണ്ട് ഫയർ എൻജിൻ ചീറിപ്പാഞ്ഞെങ്കിലും സംഭവ സ്ഥലം കണ്ടെത്താനായില്ല. തുടർന്നാണ് സന്ദേശം വ്യാജമാണെന്ന് വ്യക്തമായത്. സന്ദേശം ലഭിച്ച നന്പറിൽ പിന്നീട് പ്രതികരണവും ഉണ്ടായില്ല.
അടിയന്തര സാഹചര്യം പരിഗണിച്ച് മാവേലിക്കര പോലീസും ഒപ്പമുണ്ടായിരുന്നു. ഇതേ സമയം മാവേലിക്കര ഫയർ സ്റ്റേഷനിൽ നിന്ന് സമീപ ഫയർ സ്റ്റേഷനുകളിലേക്കും സന്ദേശം നൽകിയിരുന്നു. വിഷയത്തിൽ അന്വേഷണം തുടങ്ങി.