മുക്കം: വ്യാജ കോളുകളിൽ വട്ടം കറങ്ങി മുക്കം ഫയർഫോഴ്സ്. തെറ്റായ സന്ദേശം നൽകി കബളിപ്പിച്ചയാൾക്കെതിരെ മുക്കം ഫയർഫോഴ്സ് മുക്കം പൊലിസിന് പരാതി നൽകി.
മുക്കം സ്റ്റേഷൻ ഓഫിസർ ഷംസുദ്ധീൻ മുക്കം പൊലിസ് ഇൻസ്പെക്ടർക്കാണ് പരാതി നൽകിയത്.
ഓമശേരി പഞ്ചായത്തിലെ മൂന്നാം വാർഡിലെ വേനപ്പാറയിൽ കടയിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് തീപടർന്നതായും ഒരാൾ കടയിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാതെ കുടുങ്ങിക്കിടക്കുന്നതായും 9946391937 എന്ന മൊബൈൽ നമ്പറിൽ നിന്ന് ഷാജഹാൻ എന്നയാൾ വ്യാഴാഴ്ച രാത്രിയോടെ പെരിന്തൽമണ്ണ അഗ്നിരക്ഷാ നിലയത്തിൽ വിളിച്ചറിയിക്കുകയായിരുന്നു.
സംഭവം നടന്നത് മുക്കം അഗ്നിരക്ഷാ നിലയത്തിന്റെ പരിധിയിലായതിനാൽ പെരിന്തൽമണ്ണയിൽ നിന്ന് വിവരം മുക്കം നിലയത്തിലേക്ക് കൈമാറുകയായിരുന്നു.
പ്രസ്തുത നമ്പറിലേക്ക് മുക്കം അഗ്നിരക്ഷാ സേന തിരിച്ചുവിളിച്ചപ്പോഴും സംഭവം ശരിയാണെന്നും ഒരാൾ കുടുങ്ങിക്കിടക്കുകയാണെന്നും സേന ഉടൻ സ്ഥലത്തെത്തി രക്ഷപ്പെടുത്തണമെന്നുമുള്ള വിവരമാണ് ലഭിച്ചത്.
ഉടൻതന്നെ രാത്രി 10.40ഓടെ സർവ സന്നാഹവുമായി മുക്കം അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസറുടെ നേതൃത്വത്തിൽ വേനപ്പാറയിൽ എത്തിയെങ്കിലും അങ്ങനെ ഒരു സംഭവം നടന്നതായി കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണ് ഷാജഹാൻ എന്നയാൾക്കെതിരേ പരാതി നൽകിയത്.