അടിമാലി: അടിമാലി ഫയർഫോഴ്സ് യൂണിറ്റിന് അനുവദിച്ച ആംബുലൻസ് ഇൻഷ്വറൻസ് പുതുക്കാത്തതിനേതുടർന്ന് കട്ടപ്പുറത്തായി. ഇൻഷ്വറൻസ് പുതുക്കാത്തതിനാൽ വാഹനം നിരത്തിലിറക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഏതാനും ദിവസംമുന്പ് വാഹനത്തിന്റെ ഇൻഷ്വറൻസ് കാലാവധി അവസാനിച്ചെങ്കിലും പുതുക്കാനാവശ്യമായ 7300 -ഓളം രൂപ സർക്കാരിൽനിന്ന് ഇനിയും ലഭിച്ചിട്ടില്ല.
ജില്ലാ ഇൻഷ്വറൻസ് ഓഫീസിൽനിന്നും ഡിമാന്റ് നോട്ടീസ് വാങ്ങിയശേഷം ഫയർ ആൻഡ് റെസ്ക്യൂ ജില്ലാ ഓഫീസിൽനിന്നും ധനാനുമതിയും എറണാകുളം റീജണൽ ഓഫീസിൽനിന്നും അലോട്ട്മെന്റും ലഭിച്ചാൽ മാത്രമേ ഇൻഷ്വറൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ മുന്പോട്ടു പോകുകയുള്ളൂ.
അപകടവേളകളിൽ സൗജന്യമായും മറ്റവസരങ്ങളിൽ കിലോമീറ്ററൊന്നിന് 11 രൂപ 3 പൈസക്കുമാണ് ഫയർഫോഴ്സ് യൂണിറ്റിന്റെ ആംബുലൻസ് സർവീസ് നടത്തുന്നത്.
ഒരേ കാലയളവിൽ സംസ്ഥാനത്തെ ഫയർഫോഴ്സ് യൂണിറ്റുകളിൽ അനുവദിച്ച മറ്റ് ആംബുലൻസുകളുടെ അവസ്ഥയും സമാനമാണെന്നു പറയുന്നു.