കൊച്ചി: കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ചേരാനെല്ലൂരിൽ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവിനെയും ഭർതൃവീട്ടുകാരെയും പോലീസ് ചോദ്യം ചെയ്യും.
ചേരാനല്ലൂർ തെരുവിപ്പറന്പിൽ സുഭാഷിന്റെ ഭാര്യ രേഷ്മ (28) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം.
ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. സുഭാഷിന്റെ കരച്ചിൽകേട്ടെത്തിയ അയൽക്കാരും ഭർത്താവും ചേർന്ന് ആളിപ്പടർന്ന തീ വെള്ളമൊഴിച്ച് അണച്ചെങ്കിലും രേഷ്മ മരിച്ചിരുന്നു.
കുടുംബപ്രശ്നത്തെതുടർന്ന് പെട്ടെന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നു ചേരാനല്ലൂർ പോലീസ് പറഞ്ഞു.
അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. വരും ദിവസം ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ചോദ്യം ചെയ്യും.
നാലു വർഷം മുന്പാണ് രേഷ്മയും സുഭാഷും വിവാഹിതരായത്. ബിഎസ്സി നഴ്സിംഗ് ബിരുദധാരിയായ രേഷ്മ കുറച്ചുകാലം സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്നു.
ഒന്നും മൂന്നും വയസുള്ള കുട്ടികൾ ഇവർക്കുണ്ട്. ചേരാനല്ലൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം വൈകിട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.