നെയ്യാറ്റിന്‍കര : ഓരോ ദിവസവും കിലോമീറ്ററുകള്‍ക്കപ്പുറം ജീവന്‍രക്ഷാ മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് യഥാസമയം എത്തിച്ച് നെയ്യാറ്റിന്‍കര ഫയര്‍ ആന്‍ഡ് റസ്ക്യൂ ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്സിന്റെ നിയന്ത്രണത്തിലുള്ള സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരും.
നെയ്യാറ്റിന്‍കര ഫയര്‍ സ്റ്റേഷന്റെ സിവില്‍ ഡിഫന്‍സ് കണ്ട്രോള് റൂമില്‍ നിന്ന് ഇതിനോടകം മുപ്പതിലേറെ പേര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിച്ചെന്ന് അധികൃതര്‍ അറിയിച്ചു.
സ്റ്റേഷന് ഓഫീസര്‍ സുജിത്, സിവില്‍ ഡിഫന്‍സ് ടീം ലോക്കല്‍ കോര്‍ഡിനേറ്റര്‍മാരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുമായ പ്രേംകുമാര്‍, ശരത്, അര്ജ്ജുന്ചന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഫയര്‍ഫോഴ്സിന്റെ 101, 0471- 2222307 എന്നീ നന്പരുകളില്‍ ബന്ധപ്പെട്ടാല്‍ ആവശ്യക്കാര്‍ക്ക് മരുന്നുകള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
കാഞ്ഞിരംകുളം സ്വദേശിയായ ഒരു കാന്‍സര്‍ ബാധിതനു വേണ്ടി മരുന്നെത്തിച്ചാണ് തുടക്കം. മരുന്നിന്റെ വിവരങ്ങള്‍ വാട്സ് അപ്പിലൂടെ ലഭിക്കുന്പോള്‍ ആ മരുന്നുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്നോ ആശുപത്രിയില്‍ നിന്നോ ആണ് ശേഖരിക്കുക.
ആവശ്യക്കാരന്റെ വീട്ടിലെത്തിച്ചതിനു ശേഷം മരുന്നിന്റെ തുക ഈടാക്കും. അതേസമയം, കാഞ്ഞിരംകുളം സ്വദേശിയുടെ ജീവിതസാഹചര്യം കണക്കിലെടുത്ത് രണ്ടു ദിവസത്തെ മരുന്ന് സൗജന്യമായാണ് ഫയര്‍ ആന്‍ഡ് റസ്ക്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയത്.
ഈ വിവരം അറിഞ്ഞ് തിരുവനന്തപുരത്തെ ഒരു പൊതുപ്രവര്ത്തകന് ചെങ്കല്‍ചൂള ഫയര്‍സ്റ്റേഷനില്‍ രണ്ടു ദിവസത്തെ മരുന്ന് കൂടി വാങ്ങിക്കൊടുത്തു. ആ മരുന്നും ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീം കാഞ്ഞിരംകുളം സ്വദേശിക്ക് എത്തിച്ചു.
അടുത്ത ദിവസം ട്രോള്‍ കാഞ്ഞിരംകുളം ആ രോഗിക്ക് ആവുംവിധം സാന്പത്തികസഹായം നല്‍കിയതായും ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീം അറിയിച്ചു. മാര്‍ത്താണ്ഡം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് എറണാകുളത്ത് നിന്നു മരുന്നെത്തിച്ചതും ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീമിന്റെ പരിശ്രമത്താലാണ്.
ഗാന്ധിനഗര്‍ ഫയര്‍സ്റ്റേഷനിലെ അംഗങ്ങള്‍ മരുന്ന് വാങ്ങി, തുടര്‍ന്ന് ആലപ്പുഴയിലും അവിടുന്ന് ആദ്യം കായംകുളത്തും പിന്നെ കൊല്ലത്തും അതാത് ടീമുകള്‍ മരുന്ന് എത്തിച്ചു. തിരുവനന്തപുരത്തുനിന്നു നെയ്യാറ്റിന്‍കര സിവില്‍ ഡിഫന്‍സ് കണ്ട്രോള് റൂമില്‍ കൊണ്ടുവന്ന മരുന്ന് രോഗിയുടെ ബന്ധു എത്തി സ്വീകരിച്ചു.
കാട്ടാക്കട, പരശുവയ്ക്കല്‍, തിരുപുറം, വിട്ടിയറ എന്നിങ്ങനെ ജില്ലയുടെ പല ഭാഗത്തും ആവശ്യക്കാര്‍ക്ക് മരുന്നുകള്‍ എത്തിക്കാന്‍ കഴിഞ്ഞതായി ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീം ചൂണ്ടിക്കാട്ടി. 50 സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരും സജീവമായി കണ്ട്രോള് റൂം പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അധ്യാപകര്‍ മുതല്‍ സ്വകാര്യ സ്ഥാപന ജീവനക്കാര്‍ വരെ ഈ കൂട്ടത്തിലുണ്ട്.
കഴിഞ്ഞദിവസം നെയ്യാറ്റിന്‍കര വഴി രാത്രികാലങ്ങളില്‍ കടന്നുപോകുന്ന ചരക്കുലോറികളിലെ ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും ഭക്ഷണപ്പൊതി നല്‍കിത്തുടങ്ങി. വോളണ്ടിയര്‍മാരാണ് ഈ സൗജന്യ സേവനം ഒരുക്കിയിട്ടുള്ളത്. വനിതകളും ടീമിലുണ്ട്.
നെയ്യാറ്റിന്‍കര നഗരസഭയുടെ സമൂഹ അടുക്കളയില്‍ ഭക്ഷണം പൊതിയാനും സിവില്‍ ഡിഫന്‍സ് ടീമിലെ അംഗങ്ങളുടെ സേവനം ലഭ്യമാണ്. നെയ്യാറ്റിന്‍കര ഫയര്‍ സ്റ്റേഷനിലെ വാട്ടര്‍ മിസ്റ്റ് ബുള്ളറ്റിലാണ് ജില്ലയിലെ വിവിധ ഇടങ്ങളില്‍ മരുന്നെത്തിക്കുന്നത്.
ഫയര്‍ ആന്‍ഡ് റസ്ക്യൂ ഉദ്യോഗസ്ഥനോടൊപ്പം സിവില്‍ ഡിഫന്‍സ് വോളണ്ടിയറും കൂടെയുണ്ടാകും. ഈ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഇപ്പോഴത്തെ സാഹചര്യത്തില്‍ അക്ഷരാര്‍ഥത്തില്‍ മുതല്‍ക്കൂട്ടാണെന്ന് ഫയര്‍ ആന്‍ഡ് റസ്ക്യൂ അധികൃതര്‍ അറിയിച്ചു.