പയ്യന്നൂര്‍: ഹെല്‍മറ്റ് ധരിച്ചെത്തിയ അജ്ഞാത സംഘം യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം കയറിട്ട് കെട്ടി ബന്ധിതനാക്കി മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം ഊര്‍ജിതമെന്നും പോലീസ്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ ചെറുപുഴക്ക് സമീപത്തെ മഞ്ഞക്കാടാണ് സംഭവങ്ങള്‍ അരങ്ങേറിയത്. മഞ്ഞക്കാട് ഐഡിയ ടവറിന് സമീപത്തെ പുന്നമ്മൂട്ടില്‍ രാജന് എന്ന മോഹന്‍ദാസിന്റെയും സിന്ധുവിന്റെയും മകന് വൈശാഖ് എന്ന അഖിലേഷനെയാണ് (20) ക്രൂരമായ മര്‍ദ്ദനമേറ്റെന്ന പരാതിയുമായി പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
കാറില്‍ മഞ്ഞക്കാട് വന്നിറങ്ങിയ സംഘം സമീപത്തെ പീടികയില്‍ നിന്നും വെള്ളം കുടിച്ചതിന് ശേഷമാണ് രാജന്റെ വീട്ടിലെത്തിയതെന്നും വീടിന്റെ മുന്നിലെയും പിന്നിലെയും വാതിലുകളിലൂടെ ഒരേസമയം അകത്തു കയറിയ സംഘമാണ് വൈശാഖിനെ പിടികൂടി മര്‍ദ്ദിച്ചതെന്നുമാണ് ആശുപത്രിയില്‍ പറഞ്ഞത്.
മര്‍ദ്ദനത്തിനിടയില്‍ അക്രമികള്‍ കൊണ്ടുവന്ന മുദ്രപേപ്പറിലും മറ്റു കടലാസുകളിലും വൈശാഖിനെകൊണ്ട് ബലമായി ഒപ്പിടുവിച്ചതായും പറഞ്ഞിരുന്നു.ഇതിനുശേഷം വൈശാഖിനെ കയര്‍കൊണ്ട് കെട്ടി ബന്ധിതനാക്കി ഇവന്റെ ദേഹത്തേക്ക് വീടിന്റെ അടുക്കളയില്‍ നിന്നുമെടുത്ത മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുകയുമായിരുന്നു എന്നായിരുന്നു മാതാപിതാക്കള്‍ ആശുപത്രിയിലും വിവരമറിഞ്ഞെത്തിയ മാധ്യമങ്ങളോടും പറഞ്ഞത്.
വൈശാഖിന്റെ അലറിക്കരച്ചില്‍ കേട്ട് അയല്‍വാസിയായ ഡെയ്സി ഓടി എത്തുന്നത് കണ്ട അക്രമികള്‍ കത്തിക്കാനെടുത്ത തീപ്പെട്ടി ഉപേക്ഷിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെട്ടുവെന്നും ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ ആരേയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നും ഇവര്‍ പറഞ്ഞിരുന്നു.
പ്രോഗ്രാം എജന്‍സിക്കൊപ്പം പെയിന്റിംഗ് ജോലിക്കാരനും കൂടിയായ പിതാവ് രാജന് ജോലിസ്ഥലത്തും ഇളയകുട്ടിയുടെ ആവശ്യാര്‍ഥം അമ്മ ബിന്ദു സ്കൂളിലേക്കും പോയിരുന്നതിനാല്‍ സംഭവ സമയത്ത് വീട്ടില്‍ വൈശാഖ് മാത്രമാണുണ്ടായിരുന്നത്. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച വൈശാഖിനെ വൈകുന്നേരം അഞ്ചേകാലോടെ കാറില്‍ കയറ്റി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
മുമ്പ് തൃശൂരുള്ള ഒരുസംഘം വൈശാഖിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവമുണ്ടായിരുന്നുവെന്നും അതിന് ശേഷം പോക്സോ കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ചുവെങ്കിലും നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിടുകയായിരുന്നുവെന്നും വൈശാഖിന്റെ പിതാവ് പറഞ്ഞു.
മൊഴിയിൽ പൊരുത്തക്കേടുകൾ: ചെറുപുഴ പോലീസ്
പയ്യന്നൂര്‍: പോലീസ് അന്വേഷണം നടത്തിയതോടെ സംഭവത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടതായി ചെറുപുഴ പോലീസ് പറഞ്ഞു. യുവാവിനെ കെട്ടിയിട്ട് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചുവെന്നും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പറയുന്ന സംഭവങ്ങളില്‍ ദുരൂഹതകളുണ്ടെന്നാണ് പോലീസ് പറയുന്നത്.
ഇതേപ്പറ്റി പോലീസ് പറയുന്നതിങ്ങനെ; അക്രമികള്‍ ഓടിപ്പോകുന്നത് കണ്ടില്ലെന്നായിരുന്നു അയല്‍വാസി ഡെയ്സി പോലീസിനോട് പറഞ്ഞത്. മാത്രമല്ല പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് യുവാവിനെ കൊണ്ടുപോയവര്‍ പരിയാരത്തെത്താതെ നേരെ വീട്ടിലേക്കാണ് പോയത്.
രാത്രി 9.45 ഓടെ ഇവര്‍ പോലീസ് സ്റ്റേഷനിലെത്തി സംഭവത്തെപ്പറ്റി പരാതി പറഞ്ഞു. മലപ്പുറത്തുള്ള അരുണ്‍ എന്നയാള്‍ക്ക് 15 ലക്ഷം രൂപ നല്‍കാനുണ്ടെന്ന് പറഞ്ഞ രാജന് മലപ്പുറം സ്വദേശിയുടെ ഫോണ്‍ നമ്പര്‍ പോലീസ് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. ക്രൂരമായ അക്രമത്തിന് വിധേയനായി എന്ന് പറയുന്ന യുവാവിനെ വൈകുന്നേരം പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും കൊണ്ടുവന്നവര്‍ രാത്രി പത്തോടെയാണ് പരിയാരത്തെത്തിച്ചത്.
അതിന് ശേഷം നടത്തിയ വൈദ്യപരിശോധനയില്‍ കാര്യമായ പരിക്കുകളോ മുറിവുകളോ യുവാവിന്റെ ദേഹത്ത് കണ്ടില്ല. എക്സറേയിലും കുഴപ്പങ്ങളില്ലായിരുന്നു. സംഭവ സ്ഥലത്ത് കാറ് വന്നതായും ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്താനായില്ല. മണ്ണെണ്ണയുള്ള വലിയ പ്ലാസ്റ്റിക് കുപ്പി അടപ്പ് മുറുക്കിയ നിലയില്‍ മുറിയിലുണ്ടായിരുന്നു.
സിനിമാ-സീരിയല്‍ മേഖലയുമായി ബന്ധമുണ്ടെന്ന് പറയുന്ന വൈശാഖിനെ മുമ്പ് തൃശൂരുള്ള ഒരുസംഘമാളുകള്‍ കാറില്‍ കയറ്റി കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവമുണ്ടായിരുന്നു. ഈ സംഭവത്തില്‍ പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തിരുന്നു.
പിന്നീട് ട്രെയിന്‍ യാത്രക്കിടയില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമുണ്ടായിരുന്നു. എന്നാലും ഇന്നലത്തെ സംഭവത്തിലെ ദുരൂഹതയകറ്റുന്നതിനും സത്യം കണ്ടെത്തുന്നതിനുമായി കാര്യക്ഷമമായ അന്വേഷണമാണ് നടത്തുന്നതെന്നും പോലീസ് പറഞ്ഞു. ലഭ്യമാകുന്ന സിസിടിവി ദൃശ്യങ്ങളും ടവര്‍ ലൊക്കേഷനുകളും ഉപയോഗപ്പെടുത്തിയുള്ള അന്വേഷണമാണ് നടക്കുന്നതെന്നും പോലീസ് പറഞ്ഞു.