മട്ടന്നൂർ: ശിവപുരത്ത് ദുരൂഹ സാഹചര്യത്തിൽ വാഹനങ്ങൾ കത്തിനശിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാലൂർ സ്വദേശി കെ.റഷീദിന്റെ ഉടമസ്ഥതയിലുള്ള ലുവി എർത്ത് മൂവേർസിന്റെ മിനിലോറിയും ഹിറ്റാച്ചിയുമാണ് കത്തി നശിച്ചത്.
ജോലി കഴിഞ്ഞതിന് ശേഷം വ്യാഴാഴ്ച രാത്രി ശിവപുരം – മാലൂർ റോഡിൽ ലക്ഷം വീട് കോളനിക്ക് സമീപം റോഡരികിൽ നിർത്തിയിട്ടതായിരുന്നു ലോറിയും ഹിറ്റാച്ചിയും. ഇന്നലെ പുലർച്ചെ മൂന്നരയോടെ വാഹനം കാത്തുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്നവരാണ് ഫയർഫോഴ്സിലും മാലൂർ പോലീസിലും വിവരം നൽകിയത്.
മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന വിഭാഗമാണ് തീയണച്ചത്. മിനി ലോറിയിൽ കയറ്റി വച്ചതായിരുന്നു ഹിറ്റാച്ചി. ഇരുവാഹനങ്ങളും ഭാഗികമായി കത്തി നശിച്ചു. നിർത്തിയിട്ട സ്ഥലത്ത് നിന്നു ലോറി റോഡിലേക്ക് മാറ്റിയ നിലയിലായിരുന്നു. വാഹനങ്ങൾ കത്തിയതാണോ കത്തിച്ചതാണോയെന്നു അറിയില്ലെന്നും പോലീസിൽ പരാതി നൽകിയതായും ഉടമ റഷീദ് പറഞ്ഞു. വാഹനങ്ങൾ നിർത്തിയിട്ട പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.