സ്വന്തം ലേഖകൻ
തൃശൂർ: വിഷുവിപണി ലക്ഷ്യമിട്ട് സ്റ്റോക്കുചെയ്ത കോടികളുടെ പടക്കങ്ങൾ വിൽക്കാൻ വഴിയില്ലാതെ കേരളത്തിലെ പടക്ക വ്യാപാരികൾ. കടമെടുത്തും ബാങ്കുകളിൽ നിന്ന് വായ്പയെടുത്തും പടക്കവ്യാപാരികൾ കഴിഞ്ഞ മാസംതന്നെ കേരളത്തിലേക്ക് കോടിക്കണക്കിന് രൂപയുടെ പടക്കം തമിഴ്നാട്ടിലെ ശിവകാശിയിൽ നിന്നും എത്തിച്ചിരുന്നു.
ശിവകാശിയിലെ പടക്കക്കന്പനികൾ സമരത്തിലേക്കു നീങ്ങുന്നുവെന്നും എല്ലാ കന്പനികളും അടച്ചിടാൻ പോവുകയാണെന്നുമുള്ള സൂചനകളെ തുടർന്നാണ് കേരളത്തിലെ പടക്കമൊത്തവ്യാപാരികൾ മാർച്ചിൽ ലോക്ഡൗണിന് മുന്നേ തന്നെ അവിടെ പോയി പടക്കമെടുത്തത്. എന്നാൽ പിന്നീട് ലോക്ക് ഡൗണ് വന്നതോടെ പടക്കമെടുത്ത് സ്റ്റോ ക്ക് ചെയ്തവർ വെട്ടിലായി.
ചെറുകിട വ്യാപാരികൾക്ക് ഇന്നെങ്കിലും പടക്കം വിതരണം ചെയ്താലേ കാര്യമുള്ളു. ഇന്നും നാളെയും വിഷുപ്രമാണിച്ച് പടക്ക കച്ചവടം നടന്നാൽ മാത്രമേ കോടികൾ മുടക്കിയ മൊത്തവ്യാപാരികൾക്കു നഷ്ടം ഒഴിവാക്കാൻ സാധിക്കുകയുള്ളൂ.
എന്നാൽ അവശ്യസാധനങ്ങളുടെ പട്ടികയിൽ പടക്കം ഉൾപ്പെടാത്തതുകൊണ്ട് പടക്കക്കടകൾ തുറക്കുന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
സ്്റ്റോക്കു ചെയ്ത പടക്കം വിഷുവിനു വിറ്റുപോയില്ലെങ്കിൽ പിന്നീടത് വിറ്റുപോകില്ലെന്നും ജിഎസ്ടിയും മറ്റും നൽകി കൊണ്ടുവരുന്നതിനാൽ പടക്കങ്ങൾ തിരിച്ചെടുക്കാൻ ശിവകാശിയിലെ കന്പനികൾക്കു സാധിക്കില്ലെന്നും ചൂടേറി വരുന്ന കാലാവസ്ഥയിൽ ഇത്രയും പടക്കങ്ങൾ സ്റ്റോക്കു ചെയ്യുന്നതു സുരക്ഷാപ്രശ്നങ്ങൾക്കു കാരണമാകുന്നുണ്ടെന്നും തൃശൂരിലെ പ്രമുഖ പടക്കമൊത്ത വ്യാപാരിയായ വിനു പറഞ്ഞു.
കോവിഡ് 19 പ്രതിരോധങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് അടച്ചിട്ട പടക്ക കടകൾ ഈസ്റ്റർ, വിഷു പ്രമാണിച്ച് ഈ മാസം നാലു ദിവസം തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫയർവർക്സ് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി വി.കെ.സി. മമ്മദ് കോയ എംഎൽഎ മുഖാന്തിരം ഫയർ വർക്സ് ഡീലേഴ്സ്അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകിയിരുന്നു.
ഈ അപേക്ഷയിൽ ഇന്നെങ്കിലും തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. സംസ്ഥാനത്ത് രണ്ടായിരത്തോളം ലൈസൻസുള്ള പടക്കകടകളാണുള്ളത്.
പതിനായിരക്കണക്കിന് തൊഴിലാളികളും അവരുടെ കുടുംബങ്ങളും ഈ തൊഴിലിനെ ആശ്രയിച്ചാണ് കഴിയുന്നതെന്ന് വ്യാപാരികൾ ഓർമിപ്പിക്കുന്നു. കനത്ത സാന്പത്തിക ബാധ്യതയിലും കടക്കെണിയിലുമാണ് മിക്ക കച്ചവടക്കാരുമെന്ന് ഇവർ പറയുന്നു. കാലവർഷം ആരംഭിച്ചാൽ സ്റ്റോക്ക് കേടുവരുന്നതിന് ഇടവരുമെന്നും ഇവർ ആശങ്കപ്പെടുന്നു.
പൊട്ടിച്ചുരസിക്കാനായി കൊണ്ടുവന്ന പടക്കങ്ങൾ ഒന്നുപോലും പൊട്ടിക്കാനോ കത്തിക്കാനോ കഴിയാത്ത സ്ഥിതിയിൽ പൊട്ടിത്തകരുന്നതു കോടികൾ ചെലവഴിച്ച് ഇവ സ്റ്റോക്ക് ചെയ്ത പടക്കമൊത്ത വ്യാപാരികളും കത്തിത്തീരുന്നത് ഇവരുടെയും പതിനായിരക്കണക്കിനു കുടുംബങ്ങളുടേയും പ്രതീക്ഷകളുമാണ്.