കണ്ണൂര്‍: പാര്‍ട്ടി ഗ്രാമത്തില്‍ അണികളുടെ പ്രതിഷേധം വകവയ്ക്കാതെ പടക്ക നിര്‍മാണശാല വരുന്നു. 35 മീറ്ററോളം അടുത്തുള്ള വീടുപോലും കാണിക്കാതെ നോക്കെത്താദൂരത്തോളം ജനവാസമില്ല എന്ന തട്ടിക്കൂട്ടു റിപ്പോര്‍ട്ടിന്റെ മറവിലാണ് പടക്ക നിര്‍മാണശാല സ്ഥാപിക്കാനുള്ള നീക്കം.
പെരിങ്ങോം-വയക്കര പഞ്ചായത്തിലെ പെരിന്തട്ടയില്‍ കാവിന്മുഖത്തുനിന്നും പെരിന്തട്ട സൗത്ത് സ്കൂളിലേക്കുള്ള റോഡിനോടു ചേര്‍ന്നുള്ള സ്ഥലത്താണ് പടക്ക നിര്‍മാണശാല സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നത്.
ഇരുപത്തഞ്ചോളം കുടുംങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രവുമുള്ള ഈ പ്രദേശത്ത് ചിരട്ട കത്തിച്ച് ശവസംസ്കാരം നടത്തുന്ന പൊതു ശ്മശാനവും മുകളില്‍ കെഎസ്ഇബിയുടെ 220 കെവി എച്ച്ടി ലൈനും താഴെയായി പെരിന്തട്ട പാടശേഖരത്തിലൂടെ കടന്നുപോകുന്ന നീര്‍ച്ചാലുമുണ്ട്. വേനല്‍ച്ചൂടില്‍ ഏറ്റവും കൂടുതല്‍ ചൂടനുഭവപ്പെടുന്ന പ്രദേശവുമാണ്.
ഈ പ്രദേശത്ത് പടക്ക നിര്‍മാണശാല വരുന്നതായി സൂചന ലഭിച്ചപ്പോള്‍ത്തന്നെ കഴിഞ്ഞവര്‍ഷം മെയ്മാസത്തില്‍ പരിസരവാസികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതാണ്.
എന്നാല്‍, കഴിഞ്ഞ ജനുവരിയില്‍ പടക്ക നിര്‍മാണശാല അനുവദിക്കുന്നതിന് തടസമുണ്ടെങ്കില്‍ അറിയിക്കണമെന്ന കളക്ടറേറ്റിലെ നോട്ടീസ് കണ്ടപ്പോഴാണ് പടക്ക നിര്‍മാണത്തിനായി ചരടുവലിക്കുന്നവര്‍ പിടിമുറുക്കിയതായി മനസിലാക്കി പരിസര വാസികള്‍ വീണ്ടും പരാതിയുമായി രംഗത്തെത്തിയത്.
ജനവാസ മേഖലയില്‍ പടക്ക നിര്‍മാണശാലക്ക് അനുമതി നല്‍കരുതെന്നാണ് പരിസരവാസികള്‍ ജില്ലാ കളക്ടര്‍ക്ക് നലകിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടയില്‍ പഞ്ചായത്ത് പടക്ക നിര്‍മാണശാലക്ക് അനുമതി നല്‍കിയതായും അറിയുന്നു.
ഇതിന്റെ ഭാഗമായി നടത്തിയ തട്ടിക്കൂട്ട് ഹിയറിംഗ് റിപ്പോര്‍ട്ടില്‍ സ്വാധീനത്തിന് വഴങ്ങിയ വില്ലേജ് ഓഫീസര്‍ 153 മീറ്റര്‍ ചുറ്റളവില്‍ മനുഷ്യവാസമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതായുള്ള വിവരവും പുറത്തുവരുന്നുണ്ട്.
പടക്കനിര്‍മാണശാലയുടെ ചുറ്റുമതിലില്‍നിന്ന് 33 മീറ്റര്‍മാത്രം അടുത്തുള്ള വീട് കണ്ടില്ലെന്ന് നടിച്ചുള്ള ഈ റിപ്പോര്‍ട്ടിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്.
എക്സ്പ്ലോസീവ് ലൈസന്‍സ് നേടാനാണ് ഈ തട്ടിക്കൂട്ട് റിപ്പോര്ട്ടുണ്ടാക്കിയതെന്നാണ് പരിസരവാസികളുടെ ആക്ഷേപം. സമീപനാളുകളില്‍ നടന്ന സിപിഎം ബ്രാഞ്ച് യോഗങ്ങളില്‍ പടക്ക നിര്മാണശാലവന്നാലുള്ള തൊഴിലവസരങ്ങള്‍ ചൂണ്ടിക്കാണിച്ച് ഒരു പ്രമുഖ നേതാവ് പ്രതിഷേധത്തിന്റെ മുനയൊടിക്കാന്‍ ശ്രമിച്ചതായുള്ള വിവരവും പിറത്തുവരുന്നുണ്ട്.
സിപിഎം ബ്രാഞ്ച് യോഗങ്ങളിൽ ചർച്ച ചെയ്തില്ല
സിപിഎമ്മിന്റെ ജനകീയമുഖം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള തെറ്റുതിരുത്തല്‍ നയരേഖ എല്ലാ ബ്രാഞ്ചുകളില്പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മദ്യപാനം, സ്ത്രീകളോടുള്ള മോശമായ പെരുമാറ്റം, മാഫിയാ ബന്ധങ്ങള്‍, പൊതുജനാരോഗ്യം എന്നിവയോട് സന്ധിയില്ലാത്ത നിലപാട് ഇതില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, തിരിഞ്ഞുകൊത്തുമെന്ന് ഉറപ്പുള്ളതിനാല്‍ ഈ പാര്‍ട്ടി നയരേഖപോലും ചര്‍ച്ചചെയ്യാതെ പടക്ക നിര്‍മാണശാലയ്ക്ക് ഓശാന പാടിയ നേതൃത്വത്തിന്റെ നിലപാട് കടുംവെട്ടിന് തുല്യമാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
നേതൃത്വത്തിന്റെ വാക്കുകള്‍ക്ക് ചെവികൊടുക്കാതെ ശക്തമായ പോര്‍മുഖം തുറക്കാനുള്ള ഒരുക്കത്തിലാണ് പരിസര വാസികള്‍.
ഇതിനായി ലഘുലേഖവിതരണം, പോസ്റ്റര്‍ പ്രചരണം എന്നിവ നടത്തിയ പരിസരവാസികള്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിന്റെ ഭാഗമായി പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങുകയാണ്.
പുതിയ വ്യവസായ സംരംഭങ്ങള്‍ക്ക് മൂന്നുവര്‍ഷത്തേക്ക് ലൈസന്‍സ് വേണ്ടെന്ന വ്യവസായ സൗഹൃദ പദ്ധതിയുടെ മറപിടിച്ചാണ് അത്യന്തം അപകടകരമായ പടക്ക നിര്‍മാണശാല സ്ഥാപിക്കാനൊരുങ്ങുന്നത്.