കൊല്ലം: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.
വോളമാനൂർ പുലിക്കുഴി വടക്കെഇൻഡ്യ എന്ന സ്ഥലത്ത് അഖില ഭവനത്തിൽ പ്രസാദ്(49) ആണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ 30 ന് രാത്രി മദ്യപിച്ച് വന്ന ഇയാൾ ഭാര്യയുമായി കലഹിക്കുകയായിരുന്നു. ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു.
ബഹളം കേട്ട് ഓടി വന്ന കുട്ടികൾ മാതാവിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ കുട്ടികളേയും ഉപദ്രവിച്ചു.
തുടർന്ന് കുട്ടികളുടെ മുറിയിൽ എത്തി അവർ കിടന്ന മെത്ത മണ്ണെണ്ണ ഒഴിച്ച് കത്തിക്കാൻ ശ്രമച്ചത് ഭാര്യ തടയുകയായിരുന്നു.
ഇതിൽ പ്രകോപിതനായ ഇയാൾ ഇവരുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് മെത്തയിലിട്ട് കത്തിക്കുകയായിരുന്നു.
ഗുരുതരമായി പൊളളലേറ്റ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പൊളളലേറ്റ ഭാര്യയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം കുട്ടികളെ തനിച്ചാക്കി സ്ഥലത്ത് നിന്നും രക്ഷപെടാൻ ശ്രമിച്ച ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.
പാരിപ്പളളി ഇൻസ്പെക്ടർ അൽജബർ.എ യുടെ നേതൃത്വത്തിൽ എസ്ഐ അനൂപ് സി നായർ, എഎസ്ഐ മാരായ ബിജൂ, എസ് സിപിഒ മാരായ നൗഷാദ്, അജൂ ഫെർണാണ്ടസ്, സിപിഒ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.