ഏറ്റുമാനൂർ: വ്യാപാര സ്ഥാപനത്തിൽ ഇന്നലെ അർധരാത്രിയോടെ ഉണ്ടായ വൻ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം.
എംസി റോഡിൽ മഹാദേവ ക്ഷേത്രത്തിനും തവളക്കുഴിക്കുമിടയിൽ പ്രവർത്തിക്കുന്ന മാക്സ് ഷൂസ് ആൻഡ് ബാഗ്സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്.
എത്ര നഷ്ടമുണ്ടായെന്ന് ഇന്ന് വിശദമായ പരിശോധനകൾക്കു ശേഷമേ അറിയാനാകൂ. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇത് സംബന്ധിച്ച് വ്യക്തത വരുത്താൻ കൂടുതൽ പരിശോധന നടത്തുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു. കെട്ടിടത്തിൽ അഗ്നിരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു.
ആദ്യം കണ്ടത് നാട്ടുകാർ
ഷട്ടറിനടിയിൽ നിന്നും തീ ഉയരുന്നത് ആദ്യം കണ്ടത് ഒരു മാധ്യമ പ്രവർത്തകൻ ഉൾപ്പെടെ മൂന്ന് നാട്ടുകാരാണ്.
ചൂടിൽ ഗ്ലാസുകൾ ഉടയുന്ന ഭീകര ശബ്ദം കേട്ട് എത്തിയ അവർ കാണുന്നത് ഷട്ടറിനടിയിൽ കൂടി തീ പടരുന്നതാണ്.
ഇവരാണ് പോലീസിനെയും ഫയർഫോഴ്സിനെയും കെ എസ്ഇബി അധികൃതരെയും വിവരമറിയിച്ചത്.
ട്രാൻസ്ഫോർമറിൽ നിന്ന് വൈദ്യുതി ബന്ധം വിഛേദിച്ചു. കോട്ടയത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘം നാട്ടുകാരുടെ സഹായത്തോടെ കടയുടെ ഒരു ഷട്ടർ തകർത്ത് ഉള്ളിൽ കടന്നു.
ഏറെ സമയത്തെ ശ്രമത്തിലാണ് മറ്റ് ഷട്ടറുകൾ തകർക്കാനായത്. ഇതിനോടകം കോട്ടയം, പാലാ, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നായി ഫയർഫോഴ്സിന്റെ നാല് യൂണിറ്റുകൾ കൂടി എത്തി.
കടുത്ത പുക, ശ്വാസംമുട്ടൽ
റബർ, പ്ലാസ്റ്റിക്, ലെതർ ഉൽപന്നങ്ങൾ കത്തിയമർന്നതോടെ കടയിൽ തങ്ങിനിറഞ്ഞ പുകയും ഗന്ധവും രക്ഷാപ്രവർത്തകർക്ക് ശ്വാസതടസമുണ്ടാക്കി.
ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ ഉള്ളിൽ കടന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രാസവസ്തുക്കൾ കലർത്തിയ വെള്ളം ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കി. മൂന്ന് മണിക്കൂർ നീണ്ട ഭഗീരഥ പ്രയത്നത്തിലാണ് തീ പൂർണമായി അണച്ചത്.
മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നില പൂർണമായി കത്തിയമർന്നു. മുകൾ നിലയിൽ പുക നിറഞ്ഞിരുന്നെങ്കിലും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പരിശോധിച്ച് അവിടേക്ക് തീ പടർന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തി. ഏറ്റുമാനൂർ പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.