തൃശൂർ: മുതലാളിത്തമാണ് ഇടതുപക്ഷത്തിന്റെ സിൽവർ ലൈനെന്നു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. സംസ്ഥാന ക്യാന്പിൽ രൂപപ്പെടുത്തിയ കർമരേഖ വിശദീകരിക്കുന്നതിനായി തൃശൂരിൽ നടന്ന ജില്ലാ നേതൃസംഗമം “ചലനം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശ ഇറക്കുമതിയിൽനിന്നും വിദേശ കരാറുകളിൽനിന്നും ലഭിക്കുന്ന കോഴയിലും റിയൽ എസ്റ്റേറ്റ് താത്പര്യങ്ങളിലും കണ്ണുനട്ടാണ് പിണറായി വിജയന്റെ കെ റെയിൽ പിടിവാശി.
കേരളത്തെ സംബന്ധിച്ചിടത്തോളം ഇതു കെ റെയിൽ അല്ല, ദുരന്തത്തിന്റെ തലവിധി കുറിക്കുന്ന കെ ദുരന്തമാണ്. സർവ സംഹാരിയായ ഈ പദ്ധതി കേരളത്തിനു വേണ്ട.
യൂത്ത് ലീഗ് സർവശക്തിയുമെടുത്ത് അതിനെതിരെ പൊരുതുമെന്നും ഫിറോസ് പറഞ്ഞു.യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ.എം. സനൗഫൽ അധ്യക്ഷനായി.
സംസ്ഥാന ട്രഷറർ പി.കെ. ഇസ്മയിൽ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എം.പി. കുഞ്ഞിക്കോയ തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ ഫൈസൽ ബാഫഖി തങ്ങൾ, അഷ്റഫ് എടനീർ, ഗഫൂർ കോൽകളത്തിൽ, ടി.പി.എം. ജിഷാൻ, സംസ്ഥാന പ്രവർത്തകസമിതി അംഗം ടി.ഡി. കബീർ, ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, ട്രഷറർ കെ.കെ. സക്കരിയ എന്നിവർ പ്രസംഗിച്ചു.