സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍. കെഎസ് യു മലപ്പുറം മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് ജസ് ല മാടശ്ശേരിയെ ഫേസ്ബുക്ക് ലൈവിലൂടെ വേശ്യയെന്നു വിളിച്ച് അപമാനിച്ച സംഭവത്തിലാണ് ഫിറോസിന്റെ മാപ്പപേക്ഷ. സംഭവത്തില്‍ വനിതാ കമ്മീഷന് ഫിറോസിനെതിരേ സ്വമേധയാ കേസെടുത്തിരുന്നു.
വീണ്ടുമൊരു ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഫിറോസ് മാപ്പപേക്ഷിച്ചത്. ആ വാക്ക് താന്‍ പറയാന്‍ പാടില്ലായിരുന്നുവെന്നും പ്രത്യേക മാനസികാവസ്ഥയില്‍ സംഭവിച്ചു പോയതാണെന്നും ഫിറോസ് കുറ്റ സമ്മതം നടത്തി. ആ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ അവരോടു മാപ്പപേക്ഷിക്കുന്നുവെന്ന് ഫിറോസ് പറഞ്ഞു.
ലിവര്‍ ട്രാന്സ്പ്ലാന്റേഷന് ചെയ്ത കുട്ടി ലേക് ഷോര്‍ ഹോസ്പിറ്റലില്‍ സീരിയസ് ആയി കിടക്കുമ്പോഴാണ് പലരും അലോസരപ്പെടുത്തുന്ന ചോദ്യങ്ങളുമായി ഫോണ്‍ വിളിച്ചതെന്ന് ഫിറോസ് പറയുന്നു. മജ്ജയും മാംസവും വികാരവുമുള്ള മനുഷ്യനായതിനാല്‍ ആ സമയത്തെ ദേഷ്യത്തിന് പറഞ്ഞു പോയതാണ് അങ്ങനെയെന്നും ദേഷ്യം അടങ്ങിപ്പോള്‍ പരാമര്‍ശം തെറ്റായിപ്പോയെന്ന് തോന്നിയെന്നും ഫിറോസ് വ്യക്തമാക്കുന്നു.
എന്നാല്‍ ഫിറോസിനെതിരേ നിയമനടപടികളുമായി മുമ്പോട്ടു പോകാന്‍ തന്നെയാണ് ജസ് ലയുടെ തീരുമാനം. ഫിറോസ് കുന്നംപറമ്പിലിനെതിരേ എത്രയും വേഗം പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും ഒരു പെണ്‍കുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവന്‍ വനിതകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്നുമാണ് വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന് പറഞ്ഞിരിക്കുന്നത്.