മലപ്പുറം: തവനൂർ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ പേരു വായിച്ചാൽ കണ്ണു തള്ളും. ഫിറോസുമാരാണ് ഏറെയും. പല വീട്ടുപേരിലുള്ള ഫിറോസുമാർ.
യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറന്പിലിനു ഭീഷണി ഉയർത്തിയാണ് കുറെ ഫിറോസുമാർ അപരൻമാരായി രംഗത്തിറങ്ങിയിരിക്കുന്നത്. ചിഹ്നം നോക്കാതെ വോട്ടു ചെയ്യുന്നവർക്ക് ആകെ കണ്ഫ്യൂഷനാകും.
മന്ത്രി കെ.ടി.ജലീൽ ഇടതു സ്ഥാനാർഥിയായി മൽസരിക്കുന്ന തവനൂരിൽ കോണ്ഗ്രസ് സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്്നത്തിൽ മൽസരിക്കുന്നത് ഫിറോസ് കുന്നംപറന്പിലാണ്.
ഓണ്ലൈൻ ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ലോകത്താകമാനമുള്ള മലയാളികൾക്കിടയിൽ താരമായ ഫിറോസ്കുന്നംപറന്പിലിന്റെ വോട്ടുകൾ ചോർത്തിയെടുക്കുന്നതിനായാണ് ഫിറോസുമാർ രംഗത്തെത്തിയിരിക്കുന്നത്.
അപര തന്ത്രം!
എതിരാളിയുടെ വോട്ടുകൾ പലവഴിക്കാക്കാനുള്ള ഇടതുതന്ത്രമാണിതെന്നും വിമർശനങ്ങളുണ്ട്. ഫിറോസ് കുന്നത്ത്പറന്പിൽ, ഫിറോസ് നെല്ലംകുന്നത്ത്, ഫിറോസ് പരുവിങ്ങൽ, ഫിറോസ് നുറുക്കുപറന്പിൽ, എന്നീ ഫിറോസുമാരാണ് സ്വതന്ത്രൻമാരായി രംഗത്തുള്ളത്.
യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറന്പിലിനുള്ള വോട്ടുകൾ ചിലതെല്ലാം ഇവരുടെ പെട്ടിയിലും വഴി തെറ്റി വീഴുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായുണ്ടായ മൽസരത്തിന്റെ ചൂടിലാണ് തവനൂർ മണ്ഡലം.
സിറ്റിംഗ് എംഎൽഎ ആയ മന്ത്രി കെ.ടി.ജലീലിനെതിരെ മൽസരിക്കാൻ യുഡിഎഫിന് സ്ഥാനാർഥിയെ കിട്ടാത്ത അവസ്ഥയുണ്ടായിരുന്ന മണ്ഡലത്തിൽ അവിചാരിതമായി കടന്നുവന്ന ഫിറോസ് കുന്നംപറന്പിൽ യുഡിഎഫിന് പുതിയ പ്രതീക്ഷകൾ നൽകുകയാണ്.
മലപ്പുറം ജില്ലയിൽ കനത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി തവനൂർ മാറിക്കഴിഞ്ഞു. ഇരുമുന്നണികളും റോഡ്ഷോകളും റാലികളും നടത്തി മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന്റെ ആവേശം ഉയർത്തിയിരിക്കുകയാണ്.
ജലീലിനെ തളയ്ക്കാൻ
മന്ത്രി ജലീൽ മൂന്നാം വിജയം തേടിയാണ് തവനൂരിൽ മൽസരിക്കുന്നത്. യുഡിഎഫിൽ കോണ്ഗ്രസ് മൽസരിക്കുന്ന മണ്ഡലത്തിൽ ആദ്യം തീരുമാനിച്ചത് യൂത്ത് കോണ്ഗ്രസ് നേതാവ് റിയാസ് മുക്കോളിയുടെ പേരാണ്.
ഇതിനിടെയാണ് പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ ഫിറോസ് കുന്നംപറന്പിൽ രംഗപ്രവേശനം ചെയ്തത്. രണ്ടാമതൊന്നാലോചിക്കാതെ ഫിറോസിനെ കോണ്ഗ്രസ് സ്ഥാനാർഥിയാക്കുകയും കൈപ്പത്തി തന്നെ ചിഹ്്നമായി നൽകുകയും ചെയ്തു.
ജലീലിനും അപരൻ
കെ.ടി. ജലീലിനെ വീഴ്ത്താൻ രാഷ്ട്രീയക്കാരെക്കാൾ ജനകീയ അടിത്തറയുള്ളയാളെ വേണമെന്ന തിരിച്ചറിവിലാണ് സമൂഹമാധ്യമങ്ങളിലെ ജീവകാരുണ്യ പ്രവർത്തനത്തിലൂടെ അറിയപ്പെട്ട ഫിറോസ് കുന്നംപറന്പിലിനെ യുഡിഎഫ് കളത്തിലിറക്കിയിട്ടുള്ളത്.
ഫിറോസിന്റെ സ്ഥാനാർഥിത്വം ഇടതുമുന്നണിക്ക് വിജയം എളുപ്പമല്ലാതാക്കിയിട്ടുണ്ട്.മണ്ഡലത്തിൽ മാറിവരുന്ന രാഷ്്ട്രീയ തരംഗം തിരിച്ചറിഞ്ഞ് മന്ത്രി ജലീലും ഇടതുപ്രവർത്തകരും ഏറെ സജീവമായി തന്നെ രംഗത്തുണ്ട്.
സോഷ്യൽ മീഡിയയിലെ താരമായ ഫിറോസ് കുന്നംപറന്പിലിനു മണ്ഡലത്തിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. മലപ്പുറം ജില്ലയിൽ ഏറ്റവുമധികം വിതമസ്ഥാനാർഥികളുള്ള മണ്ഡലവുമാണ് തവനൂർ. കെ.ടി.ജലീൽ എന്ന പേരിൽ ഒരു അപരനും തവനൂരിൽ മത്സര രംഗത്തുണ്ട്.
തവനൂർ നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ
* ഫിറോസ് കുന്നംപറന്പിൽ (ഇന്ത്യൻ
നാഷണൽ കോണ്ഗ്രസ്)
* ഹസൻ ചീയന്നൂർ (സോഷ്യൽ
ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ)
* രമേഷ് കോട്ടയപ്പുറത്ത് (ഭാരത് ധർമ്മ
ജനസേന)
* ഡോ. കെ.ടി. ജലീൽ (സ്വതന്ത്രൻ)
* കെ.ടി. ജലീൽ (സ്വതന്ത്രൻ)
* ഫിറോസ് കുന്നത്ത്പറന്പിൽ (സ്വതന്ത്രൻ)
* ഫിറോസ് നെല്ലംകുന്നത്ത് (സ്വതന്ത്രൻ)
* ഫിറോസ് പരുവിങ്ങൽ (സ്വതന്ത്രൻ)
* ഫിറോസ് നുറുക്കുപറന്പിൽ (സ്വതന്ത്രൻ)
* വെള്ളരിക്കാട്ട് മുഹമ്മദ് റാഫി (സ്വതന്ത്രൻ)