കോഴിക്കോട്: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് വ്യാജരേഖയുണ്ടാക്കിയെന്ന പരാതിയില്‍ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ അന്വേഷണം. ജെയിംസ് മാത്യൂ എംഎല്‍എയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിന് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടത്.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കോറി സഞ്ജയ്കുമാര്‍ ഗുരുഡിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഇന്നലെ വൈകുന്നേരമാണ് പോലീസ് ആസ്ഥാനത്ത നിന്ന് ഇതു സംബന്ധിച്ചുള്ള തീരുമാനമുണ്ടായത്.
ജെയിംസ് മാത്യൂ എംഎല്‍എ ബന്ധുനിയമന വിഷയത്തില്‍ മന്ത്രിക്ക് കത്തയച്ചുവെന്നായിരുന്നു പി.കെ ഫിറോസിന്റെ ആരോപണം. ജെയിംസ് മാത്യു അയച്ചതെന്ന് അവകാശപ്പെടുന്ന കത്തും ഫിറോസ് പുറത്ത് വിട്ടിരുന്നു. എന്നാല്‍ കത്തിലെ ഒരു പേജ് തന്റേതല്ലെന്നും ഫിറോസ് വ്യാജരേഖയുണ്ടാക്കിയതാണെന്നുമായിരുന്നു ജെയിംസ് മാത്യുവിന്റെ വാദം.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണന്, മന്ത്രി കെ.ടി.ജലീല്‍ എന്നിവര്‍ക്കെതിരെ ആരോപണം ഉന്നയിക്കാനായി തന്റെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും നടത്തിയെന്നാണ് ഫിറോസിനെതിരേയുള്ള ആരോപണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, തദ്ദേശഭരണ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുകയും സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.