ദിവസവും മോശം വാര്‍ത്തകള്‍ മാത്രം കേള്‍ക്കുമ്പോള്‍ പലരും നെടുവീര്‍പ്പെടാറുണ്ട്. ഈ ലോകത്തിന്റെ നന്മകള് കെട്ടു തുടങ്ങിയോയെന്ന്. എന്നാല്‍ നന്മയുടെ തിരിനാളം ഇപ്പോഴും പൂര്‍ണമായും കെട്ടുപോയിട്ടില്ലെന്ന് ഓര്‍മിപ്പിക്കുന്ന മറ്റൊരു സംഭവം കൂടി. നിരവധി പേര്‍ക്ക് സഹായമെത്തിച്ച ഫിറോസ് കുന്നംപറമ്പിലാണ് തന്റെ വീടു പണിക്കു വച്ചിരുന്ന പണം അച്ഛന് ഉപേക്ഷിച്ച പെണ്‍കുട്ടിയുടെ കല്യാണത്തിനായി നല്കി മാതൃകയായത്.
മലയാളികള്‍ക്ക് പരിചയമുള്ള വ്യക്തിത്വമാണ് ഫിറോസിന്റെത്. നേരത്തെയും നിരവധി പേരെ സഹായിച്ചിട്ടുണ്ട് ഫിറോസ്. തരൂര്‍ വാളങ്കര സ്വദേശി കനക എന്ന അമ്മയുടെ ജീവിതത്തിലേക്കാണ് ഫിറോസ് സഹായവുമായെത്തിയത്. മൂത്തമകളെ കെട്ടിച്ച് വിട്ട ശേഷം ഈ കുടുംബം കടക്കെണിയിലായി. അച്ഛന് ഉപേക്ഷിച്ച് പോയ മക്കളെ വീട്ടുജോലി ചെയ്താണ് ഈ അമ്മ വളര്‍ത്തിയത്. എന്നാല്‍ രണ്ടാമത്തെ മകളെ വിവാഹം കഴിപ്പിച്ചയക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്ന ഈ അമ്മയുടെ സങ്കടം ഇവരുടെ വീടിന് സമീപത്തുള്ള പള്ളിയിലെ ഉസ്താദിനെ എറെ വേദനിപ്പിച്ചു.
ഈ ഉസ്താദാണ് പൊതുപ്രവര്‍ത്തകനായ ഫിറോസിനോട് കുടുംബത്തെ കുറിച്ചുള്ള വിവരം അറിയിക്കുന്നത്. ഇവരുടെ ജീവിതത്തെ കുറിച്ച് അന്വേഷിച്ച ശേഷം സ്വന്തം വീട്ടുപണിക്കായി മാറ്റി വച്ച രണ്ടുലക്ഷം രൂപ ഫിറോസ് ഇവര്‍ക്കായി നല്‍കുകയായിരുന്നു. ഈ പണത്തിന് സ്വര്‍ണം വാങ്ങി അമ്മയെ ഏല്‍പ്പിക്കുകയും ചെയ്തു.