മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ കാണാതായിട്ട് ഒരു വര്‍ഷം. കഴിഞ്ഞ മാര്‍ച്ച് 22ന് രാവിലെ 10.40ന് വീട്ടില്‍ നിന്നും പോയ ജെസ്‌നയെ പിന്നീടാരും കണ്ടിട്ടില്ല. പോലീസിനാകട്ടെ ഒരു ത്തെും പിടിയുമില്ലതാനും. അമ്മായിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറി മുക്കൂട്ടുതറ ജംഗ്ഷനിലിറങ്ങി എരുമേലിക്കുള്ള ബസില്‍ കയറുന്നത് കണ്ടവരുണ്ടെന്ന് പറയപ്പെടുന്നു. മൊബൈല്‍ ഫോണ്‍ പോലും എടുക്കാതെയായിരുന്നു ജെസ്‌ന വീടുവിട്ടിറങ്ങിയത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന ആരോടും അധികം സംസാരിക്കാത്ത പ്രകൃതക്കാരിയായിരുന്നു.
ജെസ്‌നയെ കാണാതായതിന്റെ അന്നു രാത്രി പിതാവ് ജയിംസ് പോലീസില്‍ പരാതി നല്‍കി. പോലീസ് എല്ലായിടവും അരിച്ചു പെറുക്കിയെങ്കിലും ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് യാതൊരു തുമ്പും കിട്ടിയില്ല. തുടര്‍ന്ന് എന്തെങ്കിലും സൂചന നല്കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ ഇനാം ഡി.ജി.പി പ്രഖ്യാപിച്ചിരുന്നു. മൂന്ന് ജില്ലകളിലായി പന്ത്രണ്ട് ഇന്‍ഫര്‍മേഷന്‍ ബോക്‌സുകള്‍ സ്ഥാപിച്ച് വിവരങ്ങള്‍ ശേഖരിക്കാനും പോലീസ് ശ്രമിച്ചു. ബോക്സില്‍ നൂറിലധികം കത്തുകള്‍ വന്നെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. ‘അയാം ഗോയിങ് ടു െഡെ’ എന്ന ജെസ്നയുടെ അവസാനസന്ദേശം തെറ്റിദ്ധാരണ സൃഷ്ടിക്കാനായിരുന്നെന്നും അജ്ഞാതവാസത്തിനു പിന്നില്‍ ചില സ്ഥാപനങ്ങള്‍ക്കു പങ്കുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു.
ഒടുവില്‍ പെണ്‍കുട്ടി ജീവിച്ചിരുപ്പുണ്ടെന്നും പോലീസ് സ്ഥിരീകരിക്കുന്നു. ഈ വിശ്വാസത്തില്‍ ആശ്വാസം കണ്ടെത്തുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. അതേസമയം കാണാതായതിന് പിന്നാലെ ജെസ്നയുടെ മൊബൈല്‍ ഫോണ്‍ കാള്‍ ലിസ്റ്റ് പരിശോധിച്ചിട്ട് അസ്വാഭാവികതയില്ല. കൂട്ടുകാരെയെല്ലാം ചോദ്യം ചെയ്തു. ആര്‍ക്കും ജെസ്‌നയെ കുറിച്ച് എതിരഭിപ്രായമില്ല. സമീപദിവസങ്ങളിലൊന്നും അസ്വസ്ഥതകളോ അസ്വാഭാവികതയോ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. ബന്ധുവീടുകളിളെല്ലാം നോക്കി. മൊബൈല്‍ ഫോണ്‍ അടക്കം ഒരു സാധനവും ജെസ്‌ന എടുത്തിട്ടുമില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ജെസ്‌നയെ തമിഴ്നാട്ടില്‍ കണ്ടു, ബംഗളൂരുവില്‍ കണ്ടു, മലപ്പുറത്തെ പാര്‍ക്കില്‍ കണ്ടു. ഇങ്ങനെ കിംവദന്തികളുടെ പിന്നാലെ പൊലീസ് നടന്നു വലഞ്ഞു.
ഇതിനിടെ രണ്ടു അജ്ഞാതമൃതദേഹങ്ങള്‍ക്ക് പിന്നാലെയും പൊലീസിന് പോകേണ്ടി വന്നു. ഒന്ന് ഇടുക്കി മുതിരപ്പുഴയാറ്റില്‍ കണ്ട യുവതിയുടെ കാലായിരുന്നു. മറ്റൊന്ന് തമിഴ്നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മൃതദേഹവും. മുക്കൂട്ടുതറ, മുണ്ടക്കയം എന്നിവിടങ്ങളിലെ സിസിടിവികളിലും പലരും ജെസ്‌നയെ കണ്ടു. പക്ഷേ, ഇതൊന്നും പൊലീസ് സ്ഥിരീകരിച്ചില്ല. ലോക്കല്‍ പൊലീസ് ആദ്യം അന്വേഷിച്ചു. പിന്നീട് സൈബര്‍ സെല്ലിനെ കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. സൈബര്‍ സെല്‍ ലക്ഷക്കണക്കിന് കോളുകള്‍ പരിശോധിച്ച് ജെസ്‌ന രണ്ടാമതൊരു സിം ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തി. 10 ദിവസത്തിനുള്ളില്‍ പിടിയിലാകുമെന്നും പറഞ്ഞു. എന്നാല്‍, അവസാന നിമിഷം അവള്‍ വഴുതിപ്പോയി. എങ്കിലും പൊലീസ് ഒരു കാര്യം സ്ഥിരീകരിച്ചു. പെണ്‍കുട്ടി ജീവനോടെയുണ്ട്. അന്വേഷണം വഴിമുട്ടിയതോടെ ക്രൈംബ്രാഞ്ച് വന്നുവെങ്കിലും ഒന്നും നടന്നില്ല.
ഇതിനിടയ്്ക്ക് ജെസ്‌ന ബംഗളൂരുവിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയായ ജിഗിണിയില്‍ താമസിക്കുന്നുവെന്ന് ആരോ പറഞ്ഞു. ജിഗിണിക്ക് സമീപമുള്ള റിങ് റോഡില്‍ കട നടത്തുന്ന മലയാളിയാണ് ജെസ്‌നയുടെ രൂപസാദൃശ്യമുള്ള യുവതിയെ കണ്ടത്. ദിവസവും കുര്‍ത്തയും ജീന്‍സും ധരിച്ച് പോകുന്ന പെണ്‍കുട്ടിയുടെ കണ്ണടയും പല്ലിലെ കമ്പിയുമാണ് ഇയാള്‍ ശ്രദ്ധിച്ചത്. രണ്ടു തവണ പെണ്‍കുട്ടി ഈ കടയില്‍ എത്തുകയും ചെയ്തു. സംശയം തോന്നിയ മലയാളിയായ കടയുടമ പെണ്‍കുട്ടിയെ സസൂക്ഷ്മം നിരീക്ഷിച്ചു. ഇതോടെ യുവതി കടയില്‍ നിന്ന് ഇറങ്ങിപ്പോയി. പിറ്റേന്ന് ആ വഴി പെണ്‍കുട്ടി വന്നപ്പോള്‍ അയാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യമാണ് ഒടുവിലായി പുറത്തു വന്നിരിക്കുന്നത്.
ഇളംനീല ജീന്‍സും റോസ് പ്രിന്റഡ് കുര്‍ത്തയും ധരിച്ച് കഴുത്തില്‍ ഷാളും പുറത്ത് ബാഗും തൂക്കി നടന്നു പോകുന്ന യുവതിയുടെ ദൃശ്യം പത്തനംതിട്ടക്കാരനായ സുഹൃത്ത് മുഖേനെ പൊലീസിന് കൈമാറി. ഇതു ജെസ്‌നയാണെന്ന് ഏതാണ്ടുറപ്പിച്ച പൊലീസ് മൂന്നുദിവസം ഈ കട കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി. ഈ വിവരം എങ്ങനെയോ അറിഞ്ഞിട്ടാകണം ആ ദിവസങ്ങളില്‍ പെണ്‍കുട്ടി ഇതു വഴി എത്തിയില്ല. പൊലീസ് മടങ്ങിയതിന്റെ പിറ്റേന്ന് വീണ്ടും അവള്‍ ഈ വഴി എത്തി. അപ്പോഴാണ് പല്ലില്‍ കമ്പിയില്ലെന്നതും കണ്ണാടി ധരിച്ചിട്ടില്ലെന്നും മനസിലായത്. കണ്ടെത്തിയില്ലെങ്കിലും വേണ്ടില്ല അവള്‍ ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞാല്‍ മതിയെന്ന മാനസികാവസ്ഥയിലാണ് ബന്ധുക്കള്‍.